പ്രീമിയം സ്വീകരിച്ച ശേഷം ലൈസെൻസ് ഇല്ലെന്ന കാരണത്താൽ ഇൻഷുറൻസ് നിഷേധിക്കാനാവില്ലെന്ന് വിധി. ഫ്യൂച്ചര്‍ ജനറലി’ ഇൻഷുറൻസ് കമ്പനിക്കെതിരെ നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ സമർപ്പിച്ച ഹർജിയിലാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി
ഏലിയാമ്മയുടെ ഭർത്താവ് കുര്യൻ ചോക്കാട് കല്ലാമൂലയില്‍ വച്ചുണ്ടായ വാഹനാപകടത്തിൽ 2015 ഡിസംബര്‍ 29ന് മരണപ്പെട്ടു .ഡ്രൈവിംഗ് ലൈസന്‍സുള്ള പേരമകനായിരുന്നു വാഹനമോടിച്ചിരുന്നത്. വാഹന ഉടമയ്ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷൂറന്‍സ് പോളിസിയുമുണ്ടായിരുന്നു. എന്നാല്‍ ഇന്‍ഷൂറന്‍സ് പോളിസി പ്രകാരം നല്‍കേണ്ടിയിരുന്ന രണ്ട് ലക്ഷം രൂപ നല്‍കാന്‍ കമ്പനി തയ്യാറായില്ല. വാഹന ഉടമയ്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൂടി വേണമായിരുന്നുവെന്നും മരണപ്പെട്ട വാഹന ഉടമയ്ക്ക് അതുണ്ടായിരുന്നില്ലെന്നും പറഞ്ഞാണ് ഇന്‍ഷൂറന്‍സ് നിഷേധിച്ചത്. ഇതേ തുടര്‍ന്നാണ് ഏലിയാമ്മ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
വാഹന ഉടമയുടെയും കുടുംബത്തിന്റെയും പരിരക്ഷയാണ് ഓണര്‍ കം ഡ്രൈവര്‍ പോളിസിയുടെ ഉദ്ദേശമെന്നിരിക്കെ പ്രീമിയം സ്വീകരിച്ച ശേഷം ഇന്‍ഷൂറന്‍സ് നിഷേധിക്കുന്നത് അനുചിതമായ നടപടിയാണെന്നും പരാതിക്കാരിക്ക് തുക നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.

