കൊറോണ വൈറസ്: നാം അറിയേണ്ടത്

0
176


1. എന്താണ് കൊറോണ വൈറസ് രോഗബാധ?
ആര്‍.എന്‍.എ വിഭാഗത്തില്‍പെടുന്ന കൊറോണ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് കൊറോണ വൈറസ് രോഗം.

2. രോഗത്തിന്റെ ലക്ഷണങ്ങള്‍?
പനി, കടുത്ത ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം, അസാധാരണമായ ക്ഷീണം എന്നിവയാണ് പ്രധാന പ്രാഥമിക രോഗ ലക്ഷണങ്ങള്‍.

3. രോഗം പകരുന്നതെങ്ങിനെ ?
ഇത് ഒരു വായുജന്യ രോഗമാണ്. രോഗബാധയുള്ളവരില്‍ നിന്നും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചിതറിതെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ വഴിയോ സ്രവങ്ങള്‍ വഴിയോ രോഗം പകരാം.

4. രോഗ സാധ്യത കൂടുതലുള്ളവര്‍ ആരെല്ലാം ?
രോഗബാധിതരുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത ഏറെയാണ്.

5. രോഗ നിര്‍ണയം നടത്തുന്നത് എങ്ങനെ?
രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ തൊണ്ടയില്‍ നിന്നുള്ള സ്രവം, മൂത്രം, രക്തം, കഫം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ rRT PCR, NAAT ടെസ്റ്റ് നടത്തിയാണ് രോഗ നിര്‍ണയം നടത്തുന്നത്.

6. ആരൊക്കെയാണ് പരിശോധനക്ക് വിധേയരാകേണ്ടത്?
കൊറോണ രോഗബാധയുള്ള രാജ്യങ്ങളില്‍ നിന്നും എത്തിയവരില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവരാണ് പരിശോധനയ്ക്ക് വിധേയരാകേണ്ടത്. രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ജില്ലയില്‍ എത്തിയയുടന്‍ നിര്‍ബന്ധമായും ആരോഗ്യകേന്ദ്രങ്ങളില്‍ വിവരം അറിയിക്കേണ്ടതും 28 ദിവസം പൊതുജന സമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിയേണ്ടതാണ്.

7. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എവിടെയാണ് പരിശോധനയ്ക്ക് എത്തേണ്ടത്?
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രി (ബീച്ച് ആശുപത്രി), കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി.

8. ഈ രോഗത്തിനുള്ള ചികിത്സ എന്താണ്.?
രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് രോഗ തീവ്രത കുറയ്ക്കുന്നതിനുള്ള സഹായക ചികിത്സയാണ് നല്‍കുന്നത്.

9. എന്തൊക്കെ മുന്‍ കരുതലുകള്‍ എടുക്കണം. ?
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിച്ച് വായും മൂക്കും മൂടുക, കൈകള്‍ 20 സെക്കന്റ് സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടക്ക് കഴുകുക, രോഗലക്ഷണമുള്ളവര്‍ മാസ്‌ക് ഉപയോഗിക്കുക, രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും പൊതുജന സമ്പര്‍ക്കം ഒഴിവാക്കുക
രോഗബാധിത രാജ്യങ്ങളിലേയ്ക്കുള്ള യാത്ര ഒഴിവാക്കുക, മത്സ്യമാംസാദികള്‍ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക.

10. കൊറോണ രോഗവുമായി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടേണ്ടത് എവിടെ.?
ജില്ലാ കൊറോണ നിയന്ത്രണസൈല്‍. ഫോണ്‍- 0495 2371471, ദിശ – 04712552056

(ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), കോഴിക്കോട്)

LEAVE A REPLY

Please enter your comment!
Please enter your name here