തിരുച്ചിറപ്പള്ളി എൻഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാപ്രദർശനം. ഹോസ്റ്റലിലെ ഇന്റർനെറ്റ് തകരാർ പരിഹരിക്കാനെത്തിയ യുവാവാണ് അതിക്രമം കാണിച്ചത്. വിദ്യാർത്ഥിനിക്ക് മുന്നിൽ യുവാവ് നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തി. വിദ്യാർത്ഥിനി ഭയന്ന് പുറത്തേക്കോടി. ഹോസ്റ്റൽ വാർഡനോട് പരാതിപ്പെട്ടപ്പോൾ വിദ്യാർത്ഥിനിയെ ശകാരിക്കുകയാണുണ്ടായത്. പെൺകുട്ടി ധരിച്ച വസ്ത്രമാണ് പ്രശ്നത്തിന് കാരണമെന്ന് വാർഡൻ കുറ്റപ്പെടുത്തി. “ഞാൻ മുറിയിലിരുന്ന് പഠിക്കുകയായിരുന്നു., അപ്പോഴാണ് വൈ ഫൈ കണക്ഷൻ ശരിയാക്കാൻ എത്തിയ ടെക്നീഷ്യൻ നഗ്നതാപ്രദർശനം നടത്തി എന്‍റെ മുന്നിൽ സ്വയംഭോഗം തുടങ്ങിയത്. ഞാൻ പേടിച്ച് പുറത്തേക്ക് ഓടി. പിന്നീട് മറ്റ് വിദ്യാർത്ഥിനികൾക്കൊപ്പം തിരിച്ചു വന്നപ്പോഴേക്കും അയാൾ പോയിരുന്നു. അയാളുടെ ശരീരദ്രവം തറയിലാകെ കിടപ്പുണ്ടായിരുന്നു. തെളിവായി ഫോട്ടോ എടുത്തുവച്ചു. തുടർന്ന് വാർഡനോട് പരാതിപ്പെടാൻ ചെന്നു. നീയെന്നെ ബുദ്ധിമുട്ടിക്കുകയാണ് എന്നാണ് എല്ലാം കേട്ട ശേഷം അവർ പറഞ്ഞത്. ഞാനാകെ തകർന്നുപോയി. വൈ ഫൈ ശരിയാക്കിത്തന്നിട്ടും ഒരു നന്ദിയുമില്ലെന്ന് വാർഡൻ പറഞ്ഞു. ഇനി ഇലക്ട്രിക്, പ്ലംബ്ബിങ് പരാതികൾ വന്നാൽ ചെയ്യില്ലെന്ന് അവർ ഭീഷണിപ്പെടുത്തി. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടു.ഞാൻ പാന്‍റ്സ് ധരിച്ചിരുന്നില്ല എന്നാണ് വാർഡൻ പൊലീസുകാരോട് പറഞ്ഞത്. സംഭവം നടക്കുമ്പോൾ ഞാൻ കാൽ വരെയെത്തുന്ന പാവാട ധരിച്ചിരുന്നു. എന്നിട്ടാണ് വാർഡൻ ഇങ്ങനെ പറഞ്ഞത്”- പെണ്‍കുട്ടി പറഞ്ഞു.അതിക്രമത്തിന് ഇരയായ വിദ്യാർത്ഥിനിയെ അപഹസിച്ച വാർഡനെതിരെ രാത്രി മുഴുവൻ ഹോസ്റ്റലിന് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. മലയാളി വിദ്യാർഥികൾ അടക്കം കുത്തിയിരുന്ന് പ്രതിഷേധിച്ചു. വാർഡനെ മാറ്റണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ വിദ്യാർത്ഥികൾ ഉന്നയിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഡീൻ ഉറപ്പ് നൽകിയത്തോടെയാണ് രാവിലെ 5 മണിക്ക് പ്രതിഷേധം അവസാനിച്ചത്. നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ പുലർച്ചെ അറസ്റ്റ് ചെയ്തു. എൻഐടി വാർഡനെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ട്രിച്ചി കലക്ടർ പ്രദീപ് കുമാർ വ്യക്തമാക്കി.