കോഴിക്കോട്: ചെറുവണ്ണൂർ കമാന പാലത്തിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. മലപ്പുറം ചേലേമ്പ്ര കൊളക്കാട്ടുചാലി സ്വദേശി ബൈജു ആണ് മരിച്ചത്.
കമാന പാലത്തിന് സമീപം മംഗലാപുരം – ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നല്ലളം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

