
കേരളത്തിലെ മുഴുവന്‍ മദ്‌റസാധ്യാപകര്‍ക്കും വിവിധ കാലികമായ വിഷയങ്ങളില്‍ സമഗ്ര പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേരള മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചു. കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി സഹകരിച്ചാണ് പരിപാടികള്‍ നടത്തുന്നത്. ചൈല്‍ഡ് സൈക്കോളജി, ബാലാവകാശ നിയമങ്ങള്‍, മദ്‌റസാധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍-പരിഹാരങ്ങള്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പും കേരള മദ്‌റസാധ്യാപക ക്ഷേമനിധിയും നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികള്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുക.
പരിശീലന പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിക്കും.
ഈ ചടങ്ങില്‍ വെച്ച് സംസ്ഥാന തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 100 അധ്യാപക ട്രൈനര്‍മാര്‍ക്ക് നേരിട്ട് പരിശീലനം നല്‍കും.
കേരള മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.പി അബ്ദുല്‍ ഗഫൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ.ബി മൊയ്തീന്‍ കുട്ടി, ഡോ. എം.എ മുസ്തഫ (പ്രൊഫ. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കേരള), പ്രൊഫ. മുഹമ്മദ് ശരീഫ് (പ്രൊഫ. ഫാറൂഖ് ട്രൈനിംഗ് കോളജ്), അശ്‌റഫ് കാവില്‍ (ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ വയനാട്) എന്നിവര്‍ പരിശീലന ക്യാമ്പിന് നേതൃത്വം നല്‍കും.
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ജംഇയ്യത്തുല്‍ ഖുതുബ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, ദക്ഷിണ കേരള വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ ഉമ്മര്‍ മൗലവി, കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.പി അബ്ദുസ്സമദ് സുല്ലമി, വിസ്ഡം വിദ്യാഭ്യാസ ബോര്‍ഡ് സെ്ക്രട്ടറി മുജീബ് മദനി ഒട്ടുമ്മല്‍, ഡി.ഐ.ഇആര്‍. സെ്ക്രട്ടറി ഡോ. ഐ.പി അബ്ദുല്‍ സലാം, സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി അഷ്‌റഫ് ബാഖവി എന്നിവര്‍ സംബന്ധിക്കും.
തുടര്‍ന്ന് ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി കേരളത്തിലെ 27814 മദ്‌റസകളിലെ 1,75,000 അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. സംസ്ഥാന തലത്തില്‍ നേരിട്ട് പരിശീലനം സിദ്ധിച്ച 100 ട്രൈനര്‍മാരാണ് തുടര്‍ന്നുള്ള പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക.

