തിരുവനന്തപുരം: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കടകളിൽ നടത്തുന്ന പരിശോധനയ്ക്കെതിരെ വ്യാപാരികൾ രംഗത്ത്. പരിശോധനയുടെ ഭാഗമായി കടകളിൽനിന്ന് സൗന്ദര്യവർദ്ധക വസ്തുക്കൾ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആവശ്യം. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ വ്യാപാരികൾക്ക് സംവിധാനമില്ലെന്നും വിൽക്കാൻ പാടില്ലാത്ത ഉൽപ്പന്നങ്ങൾ ഏതെല്ലാമാണെന്ന് അധികൃതർ നേരത്തെ അറിയിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ദേവസ്യ മേച്ചേരി പറഞ്ഞു.
ടാർഗറ്റ് തികയ്ക്കാനാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിൽക്കാൻ പാടില്ലാത്ത വസ്തുക്കൾ കണ്ടെത്തുന്നതിനായി അവയുടെ ഉൽപ്പാദന കേന്ദ്രത്തിലാണ് പരിശോധന നടത്തേണ്ടതെന്നും വ്യാപാരികൾക്കെതിരായി നടക്കുന്ന പരിശോധന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡ്രംഗ്സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടിച്ചെടുക്കുന്നതിനായി നടത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ സൗന്ദര്യ. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ കടകളിൽനിന്നും പിടിച്ചെടുത്തത്. മുഖകാന്തി വർദ്ധിപ്പിക്കുന്നതിനുള്ള ക്രീം ഉപയോഗിച്ചതിന് പിന്നാലെ മലപ്പുറം സ്വദേശിയായ 17കാരിക്ക് ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ചതിനുപിന്നാലെയാണ് പരിശോധനകൾ ശക്തമാക്കിയത്.

