കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ കേസെടുത്തു. കോഴിക്കോട് സൈബര്‍ പൊലീസാണ് കേസെടുത്തത്. മഹിളമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്.
താന്‍ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ജാന്‍മണിദാസ് രംഗത്തെത്തിയിരുന്നു. ”ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജാന്മണി ദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പറഞ്ഞത്. കണ്ടന്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ മോദിജിയെക്കുറിച്ചല്ല. ചിലപ്പോള്‍ ഞാന്‍ മലയാളം പറയുന്നത് ശരിയാകാത്തതാകും കാരണം. ആരെയും വേദനിപ്പിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്റെ ഭാഗത്തുനിന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ വളരെയധികം ക്ഷമ ചോദിക്കുന്നു. പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ട്. ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് ക്ഷമിക്കണം. അതില്‍ കൂടുതല്‍ പറയാന്‍ ഒന്നുമില്ല. ഗൂഗിളില്‍ പോയി സെര്‍ച്ച് ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യം തെറ്റാണെന്ന് മനസ്സിലായി. ഒരു പ്രസ്താവന നടത്തുന്നതിന് മുമ്പ് ഞാന്‍ ചെക്ക് ചെയ്യണമായിരുന്നു. വളരെ വിഷമമുള്ളതിനാലാണ് വൈകിയാണെങ്കിലും വീഡിയോ ഇടാന്‍ തീരുമാനിച്ചത്”, എന്നുമായിരുന്നു ജാന്മണിയുടെ ഖേദപ്രകടനം.

