അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു. ഇന്ന് ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ മന്ത്രി എം ബി രാജേഷ് ആണ് പ്രഖ്യാപനം നടത്തിയത്. മന്ത്രി വി എന്‍ വാസവന്‍ പരിപാടിയില്‍ അധ്യക്ഷനായി.
അതിദാരിദ്ര്യനിര്‍മാര്‍ജനം സര്‍ക്കാര്‍ മുന്‍ഗണനാ പദ്ധതിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സര്‍വേ നടത്തി 1071 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. മരണപ്പെട്ടവര്‍, ഇതരസംസ്ഥാനങ്ങളില്‍/ ജില്ലകളില്‍ കുടിയേറിയവര്‍ എന്നിവരെ ഒഴിവാക്കിയശേഷം 903 കുടുംബങ്ങളാണ് അന്തിമപട്ടികയിലുണ്ടായിരുന്നത്. ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റും, ആഹാരം പാകംചെയ്യാന്‍ സാധിക്കാത്ത കുടുംബങ്ങള്‍ക്ക് പാകംചെയ്ത ഭക്ഷണവും നല്‍കി. 605 കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ സേവനം നല്‍കുന്നത്. 693 കുടുംബങ്ങള്‍ക്ക് മരുന്നുകളും 206 കുടുംബങ്ങള്‍ക്ക് പാലിയേറ്റീവ് കെയര്‍ സേവനവും ആറ് കുടുംബങ്ങള്‍ക്ക് ആരോഗ്യസുരക്ഷാ സാമഗ്രികളും ലഭ്യമാക്കി. തദ്ദേശസ്ഥാപനതലത്തില്‍ തയ്യാറാക്കിയ മൈക്രോപ്ലാന്‍ പ്രകാരമായിരുന്നു പ്രവര്‍ത്തനങ്ങള്‍.