കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ കോടതി മാറ്റണമെന്ന പ്രതി ഭാഗത്തിന്റെ ഹര്‍ജി വീണ്ടും തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.
കേസിലെ വിചാരണാ നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ പ്രതിഭാഗം മനഃപൂര്‍വം ശ്രമിക്കുകയാണെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് കോടതി മാറ്റ ഹരജി സമര്‍പ്പിക്കപ്പെട്ടത്. പ്രതിഭാഗം അഭിഭാഷകന്‍ സമര്‍പ്പിച്ച ഈ ഹര്‍ജി മുന്‍പ് പരിഗണിച്ച സെഷന്‍സ് കോടതി, അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കോടതി മാറ്റത്തിനുള്ള ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ സാക്ഷി വിസ്താരവുമായി സഹകരിക്കാന്‍ പ്രതിഭാഗം അഭിഭാഷകര്‍ തയ്യാറായിരുന്നില്ല.
സാക്ഷി വിസ്താരം തടസപ്പെടുത്തുന്നതും വിചാരണ നീട്ടിക്കൊണ്ടുപോകുന്നതുമായ പ്രതിഭാഗത്തിന്റെ നീക്കങ്ങളെ വിചാരണ കോടതി കര്‍ശനമായിട്ടാണ് നേരിട്ടത്. പ്രതികള്‍ മനഃപൂര്‍വം വിചാരണ വൈകിപ്പിക്കുകയാണെന്ന് നിരീക്ഷിച്ച അഡീഷണല്‍ സെഷന്‍സ് കോടതി, കേസിലെ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്ത് പ്രതികള്‍ക്ക് വീണ്ടും ജാമ്യം അനുവദിക്കുകയുമാണുണ്ടായത്.

