ഇതൊരു കുട്ടിക്കളിയല്ല , കുസൃതിയല്ല, കാര്യമാണ് : കിണറു കുത്തി മാതൃകയായി കുട്ട്യോളും വല്യച്ഛനും

0
293

കോഴിക്കോട് ; ഇതൊരു കുട്ടിക്കളിയല്ല ,കുസൃതിയല്ല, കാര്യമാണ്.
കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ദിനങ്ങളിൽ കളിക്കാൻ പുറത്ത് പോകാതെ നാടിനു തന്നെ ആവിശ്യമായ സേവനം നടത്തുകയാണ് കൊടുവള്ളി വാരിക്കുഴിത്താഴം മാലംതൊടിക സ്വദേശികളായ കൊച്ചു കൂട്ടുകാരും അവർക്കൊപ്പം ചേർന്ന് ചെറിയേക്കൻ (71 ) വല്യച്ഛനും. ഒഴിവു ദിവസങ്ങളിൽ വല്യച്ഛനൊപ്പം കിണറു കുത്തിയാണ് ഇവർ ആഘോഷമാക്കുകയും മാതൃകയാവുകയും ചെയ്തത്.

കുടി വെള്ള ക്ഷാമം ആകെ പ്രശ്നമായി നിൽക്കുന്ന സമയത്താണ് കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ പ്രദേശത്ത് കിണറു കുത്താൻ വല്യച്ഛനും മക്കളും തയ്യാറാതായത്. അയൽ പക്കത്ത് താമസിക്കുന്ന ചെറിയേക്കൻ വേസ്റ്റ്‌ കുഴിക്കായി തുടങ്ങി വെച്ച മണ്ണെടുപ്പ് കൊച്ചു കൂട്ടുകാർ അല്പം കാര്യത്തിലാക്കി.

നിലവിൽ വേസ്റ്റ്‌ കുഴിയേക്കാൾ അത്യാവശ്യം കിണറാണെന്നുള്ള കാര്യം കൂട്ടമായി തീരുമാനിച്ചു. കളിയല്ല കാര്യമാണെന്നറിഞ്ഞ ചെറിയേക്കനു രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല പിള്ളേർക്കൊപ്പമങ്ങു കൂടി. നീണ്ട 14 ദിവസത്തെ അധ്വാനത്തിനൊടുവിൽ അവർ ലക്ഷ്യത്തിലെത്തി. ഇന്ന് രാവിലെയോട് കൂടി തമാശ ആയി നാട്ടുകാർ കണ്ടിരുന്ന ആ പണി ഫലം കണ്ടു. എട്ട് അടി ആഴമുള്ള കിണറ്റിൽ ഇന്ന് വെള്ളം കണ്ടു.

അധ്വാനിക്കാൻ ഉള്ള കുഞ്ഞു മനസുകളുടെ താല്പര്യവും കൂടെ നില്ക്കാൻ ചെറിയേക്കൻ വല്യച്ഛനും ചേർന്നപ്പോൾ ഉണ്ടായത് നാടിനു തന്നെ ഉപകാര പ്രഥമായ ഒരു അത്ഭുതമാണ്. ശ്യാംജിത്ത്,സജിൽ,ഷിനിൽ,സ്നേഹിത്,അജിൽ,സഞ്ജു,ഷിഖിൽ,അർജുനൻ എന്നീ മിടുക്കരായ യു പി, ഹൈസ്കൂൾ വിദ്യാർത്ഥികളാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്. ലോക്ക് ഡൗൺ ഇങ്ങനെയും മാതൃകയാക്കാം എന്ന് ഈ കുട്ടികൾ നമ്മെ പഠിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here