എസ്പി അജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലെ തീപിടുത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. ഫൊറൻസിക് സംഘവും സെക്രട്ടേറിയറ്റിലെ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു. അന്വേഷണ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം സെക്രട്ടേറിയറ്റിൽ എത്തിയിട്ടുണ്ട്.
അതേ സമയം ലോക്കൽ പൊലീസിൽ നിന്ന് രാത്രി തന്നെ അന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏൽപിച്ചു. ഒപ്പം ദുരന്ത നിവാരണവിഭാഗം കമ്മീഷണർ എ കൗശികന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
വിഷയത്തിൽ യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. സ്വർണക്കടത്ത് സംബന്ധിച്ച എൻഐഎ അന്വേഷണ പരിധിയിൽ സെക്രട്ടേറിയറ്റ് തീപിടുത്തവും ഉൾപ്പെടുത്തണമെന്നതാണ് യുഡിഎഫ് നിലപാട്. സെക്രട്ടറിയേറ്റിലേക്ക് ബിജെപി പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

