തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ വി.ഡി. സതീശനെ ‘ക്യാപ്റ്റന്‍’ എന്ന് വിശേഷിപ്പിച്ചതില്‍ പരിഭവമറിയിച്ച രമേശ് ചെന്നിത്തലയോട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രംഗത്ത്. താന്‍ ക്യാപ്റ്റനാണെങ്കില്‍ ചെന്നിത്തല ‘മേജറാ’ണെന്നാണ് വി.ഡി. സതീശന്റെ പ്രതികരണം. ടീം യു.ഡി.എഫാണ് വിജയത്തിന് പിന്നില്‍. വിജയം വ്യക്തി കേന്ദ്രീകൃതമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തന്റെ നേതൃത്വത്തില്‍ എത്രയോ ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് ജയിച്ചിട്ടുണ്ടെന്നും അന്ന് തന്നെയാരും ക്യാപ്റ്റനെന്ന് വിളിച്ചില്ലെന്നുമായിരുന്നു ടി.വി ചാനലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞത്.
”എത്രയോ ഉപതെരഞ്ഞെടുപ്പ് ഞാന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ജയിച്ചു. അന്ന് ആരും ക്യാപ്റ്റന്‍ എന്നുള്ള പദവി എനിക്ക് തന്നില്ല. അതെന്താണ് തരാഞ്ഞത്. അതൊക്കെയാണ് ഡബിള്‍ സ്റ്റാന്‍ഡ് എന്ന് പറയുന്നത്. തീര്‍ച്ചയായും പ്രതിപക്ഷ നേതാവിന് ഈ വിജയത്തില്‍ മുഖ്യപങ്ക് ഉണ്ട്. പ്രതിപക്ഷനേതാവ് ആരായാലും ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അദ്ദേഹത്തിന് അതിന്റെ ക്രെഡിറ്റ് ഉണ്ട്. അതില്‍ സംശയമില്ല. പക്ഷേ ഞാന്‍ വിജയിച്ചപ്പോള്‍ എന്നെ ആരും ക്യാപ്റ്റനും ആക്കിയില്ല, കാലാള്‍പ്പട പോലും ആക്കിയിട്ടില്ല. ഒരു ചാനലും ഒരു പത്രവും ഇങ്ങനെ ഒരു വിശേഷണം നല്‍കിയില്ല. എനിക്ക് അതിലൊന്നും പരാതിയില്ല” -എന്നിങ്ങനെയായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.
ഉമ്മന്‍ചാണ്ടിക്കും ഇങ്ങനെ പദവികളൊന്നും ആരും നല്‍കിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഞാനും ഉമ്മന്‍ചാണ്ടിയും ജയിച്ച കാലഘട്ടത്തില്‍ ഞങ്ങള്‍ക്കൊന്നും ആ പരിവേഷം ആരും തന്നിട്ടില്ല. ഇതൊന്നും മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ല. നമ്മള്‍ ഒക്കെ എത്രയോ കാലമായി രാഷ്ട്രീയത്തില്‍ നില്‍ക്കുന്നു. ഒരു മാധ്യമങ്ങളുടെയും പിന്തുണയോടെ അല്ലല്ലോ നില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ചില മാധ്യമങ്ങള്‍ വി.ഡി സതീശനെ ക്യാപ്റ്റന്‍ എന്ന് വിളിച്ചിരുന്നു. ഇതേപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴാണ് രമേശ് ചെന്നിത്തല ഇത്തരത്തില്‍ പ്രതികരിച്ചത്.