തിരുവന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ സംസ്‌ഥാനത്ത് മാറ്റിവെച്ച പരീക്ഷകൾ പുനഃരാരംഭിച്ചു. വിഎച്ച്എസ്ഇ പരീക്ഷകൾ രാവിലെ ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷം എസ് എസ് എൽ സി പരീക്ഷകൾക്ക് തുടക്കമാകും. കോവിഡ് പാശ്ചാത്തലത്തിൽ നിർത്തി വെച്ച എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ കഴിഞ്ഞ രണ്ടു മാസത്തിനു ശേഷമാണ് ആരംഭിക്കുന്നത്. മേയ് 26 മുതല്‍ മേയ് 30 വരെയാണ് പരീക്ഷകള്‍.
വിദ്യാർത്ഥികൾക്ക് പൂർണ സുരക്ഷ ഉറപ്പു വരുത്തിയാണ് പരീക്ഷ നടപടികൾ ആരംഭിച്ചത്. വിദ്യാർത്ഥികളെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തിയും, വിദ്യാലയത്തിന്റെ കവാടത്തിൽ നിന്നും തന്നെ സാനിറ്റൈസർ നൽകി കൈകൾ ശുദ്ധീകരിച്ചും. സാമൂഹിക അകലം പാലിച്ചുമാണ് കുട്ടികൾ ഹാളുകളിലേക്ക് കടന്നത്. മറ്റു ജില്ലകളിൽ കുടുങ്ങി പോയ വിദ്യാർത്ഥികൾക്ക് നിലവിൽ നിൽക്കുന്ന പ്രദേശത്ത് പരീക്ഷ എഴുതാനുള്ള സജ്ജീകരണം നേരത്തെ ഒരുക്കിയിരുന്നു. നേരത്തെ സ്കൂൾ പരിസരം അണുവിമുകതമാക്കി സുരക്ഷയും ഉറപ്പാക്കിയിരുന്നു.
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 13.5 ലക്ഷം വിദ്യാര്‍ഥികളാണ് സംസ്ഥാനത്തൊട്ടാകെ പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി കണക്കു പരീക്ഷ ഉച്ചയ്ക്ക് 1.45 നാണ് ആരംഭിക്കുക. പ്ലസ്ടു പരീക്ഷ രാവിലെ 9.45 നും ആരംഭിക്കും.
വിദ്യാര്‍ഥികളും ഒപ്പം വരുന്ന രക്ഷിതാക്കളും സ്‌കൂളിലെ ജീവനക്കാരും മാസ്‌ക് ധരിക്കണം. വിദ്യാര്‍ഥിയ്ക്ക് ഒപ്പം വരുന്ന രക്ഷിതാക്കളെ സ്കൂളിലേക്ക് പ്രവേശിപ്പിക്കുന്നില്ല പനി, ചുമ തുടങ്ങിയ രോഗലക്ഷണം ഉള്ളവരെ പ്രത്യേക മുറിയ്ക്കുള്ളില്‍ ഇരുത്തി പരീക്ഷയെഴുതിക്കും.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്കും ഹോം ക്വാറന്റൈനില്‍ കഴിയുന്ന ആളുകളുള്ള വീട്ടില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സൗകര്യം ലഭ്യമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കും.