കൊച്ചി: നടന്‍ ദിലീപിന്റെ ശബരിമലയിലെ വിഐപി ദര്‍ശനത്തില്‍ വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി വിഷയം ഗൗരവതരമാണെന്നും ദേവസ്വം എന്ത് നടപടി സ്വീകരിച്ചു എന്നും ചോദിച്ചു.
ശബരിമലയില്‍ സോപാനത്തില്‍ ദിലീപ് വിഐപി ദര്‍ശനം നടത്തിയതില്‍ ഇന്നും രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ദിലീപ് 7 മിനിറ്റോളം സോപാനത്തില്‍ ചെലവഴിച്ചുവെന്ന് വ്യക്തമായി. ദിലീപിന്റെ ദര്‍ശനസമയത്ത് മറ്റ് തീര്‍ഥാടകാരുടെ ദര്‍ശനം തടസപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. ഭക്തരെ തടയാന്‍ ആരാണ് അധികാരം നല്‍കിയെതെന്നും എന്ത് പരിഗണനയാണ് ഇത്തരം ആളുകള്‍ക്ക് ഉള്ളതെന്നും കോടതി ചോദിച്ചു.
സംഭവത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ദേവസ്വം ഗാര്‍ഡുകള്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ദേവസം ബോര്‍ഡ് മറുപടി നല്‍കി. ആര്‍ക്കും പ്രത്യേക പരിഗണന നല്കരുതെന്ന് നിര്‍ദേശിച്ച കോടതി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേവസം ബോര്‍ഡും സ്‌പെഷ്യല്‍ പൊലീസും ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.