ന്യൂഡല്‍ഹി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് അറിയിച്ച് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസം. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത് ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണെന്നും അവരുടെ ബുദ്ധിശക്തിയെ പരിതാപകരമായ രാത്രി വീഡിയോയിലൂടെ പരിഹസിക്കരുതെന്നും രാഹുല്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചു.
‘മിസ്റ്റര്‍ മോദി, ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ് നമ്മുടെ വിദ്യാര്‍ത്ഥികളുടെ ആവശ്യം. അവരുടെ ബുദ്ധിശക്തിയെ പരിതാപകരമായ രാത്രി വീഡിയോയിലൂടെ പരിഹസിക്കരുത്’, രാഹുല്‍ കുറിച്ചു. ധര്‍മേന്ദ്ര പ്രധാനെ മാറ്റണം, വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി വേണം, മാപ്പ് പറയണം എന്നീ മൂന്ന് ആവശ്യങ്ങളും രാഹുല്‍ ഗാന്ധി ആവര്‍ത്തിക്കുന്നുണ്ട്.

