ചെറുതോണി: വീട്ടിലെ മോഷണ വിവരമറിഞ്ഞ് ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. മോഷണം നടത്തിയ രാജമുടി പതിനേഴുകമ്പനി മണലേല്‍ അനില്‍കുമാറിനെ(57) പൊലീസ് അറസ്റ്റുചെയ്തു. ഗൃഹനാഥന്‍ മണലേല്‍ വിശ്വനാഥനാണ് കുഴഞ്ഞുവീണ് മരിച്ചത്. മോഷണം നടത്തിയ ആള്‍ ഗൃഹനാഥന്റെ ഇളയ സഹോദരനാണ്.പ്രതി 75 കിലോ കുരുമുളകാണ് വീട്ടില്‍ നിന്നും മോഷ്ടിച്ചത്. വീട്ടുകാര്‍ തീര്‍ഥാടനത്തിനുപോയ തക്കംനോക്കി വീട് കുത്തിത്തുറന്നാണ് അനില്‍ കുമാര്‍ മോഷണം നടത്തിയത്. വിശ്വനാഥനും കുടുംബവും തീര്‍ഥാടനത്തിനുപോകുന്ന വിവരം അറിഞ്ഞ രണ്ട് വ്യക്തികളില്‍ ഒരാളാണ് അനില്‍കുമാര്‍.
വീടിന്റെ പിന്‍വശത്തെ കതക് കുത്തിത്തുറന്നാണ് പ്ലാസ്റ്റിക് ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന കുരുമുളക് ഇയാള്‍ മോഷ്ടിച്ചത്. മോഷ്ടിച്ച കുരുമുളക് ഇയാള്‍ തോപ്രാംകുടിയിലെ കടയില്‍ കൊണ്ടുപോയി വിറ്റിരുന്നു. ക്ഷേത്രത്തില്‍ നിന്നും തിരികെ വരുന്ന വഴിയില്‍ വെച്ചാണ് ഗൃഹനാഥന്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. വീട്ടിനുള്ളില്‍ കയറിയ ശേഷം പ്രതി വീട്ടിലെ അലമാരയും മേശയും ഉള്‍പ്പെടെ കുത്തിതുറന്നിരുന്നു. ഗ്യാസ് സിലിന്‍ഡര്‍ ഉപയോഗിച്ച് വീട് കത്തിച്ച് തെളിവ് നശിപ്പിക്കാനും പ്രതി പദ്ധതിയിട്ടതായി പൊലീസ് പറഞ്ഞു. മുരിക്കാശ്ശേരി പൊലീസാണ് പ്രതിയെ പിടികൂടിയത്.

