ഇന്നലെ ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയായിരുന്നു കോരക്കണ്ടി നെല്ലിക്കല്‍ സുധീഷിന്റെ പേഴ്സും മോതിരവും നഷ്ടപ്പെട്ടത്. അമ്മക്ക് അസുഖം വന്നതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് പോകുമ്പോള്‍ അമ്മയെ കാറില്‍ എടുത്തുവെക്കാന്‍ നേരം പേഴ്സ് വണ്ടിയുടെ മുകളില്‍ വെച്ചതായിരുന്നു. എന്നാല്‍ ധൃതിയില്‍ പേഴ്സ് എടുക്കാന്‍ മറന്നു. പിന്നീട് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. വണ്ടിയുടെ മുകളില്‍ നിന്ന് പേഴ്സ് എടുക്കാന്‍ മറന്നതിനെത്തുടര്‍ന്ന് പേഴ്സ് വഴിയരികില്‍ വീണ വിവരം സുധഷ് അറിഞ്ഞിരുന്നില്ല.
തുടര്‍ന്നാണ് ഇതുവഴി വന്ന കുന്ദമംഗലത്തെ ഓട്ടോ ഡ്രൈവറായ കോട്ടാംപറമ്പ് കിഴക്കേചാലില്‍ സിദ്ദിഖ് വഴിയില്‍ പേഴ്സും ചിന്നിച്ചിതറിയ പണവും കാണുന്നത്. 6000 രൂപയും 25000 രൂപയോളം വിലവരുന്ന മോതിരവും പേഴ്സിലുണ്ടായിരുന്നു. തുടര്‍ന്ന് കുന്ദമംഗലത്തെ ഓട്ടോ ഡ്രൈവര്‍മാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ വിവരം പങ്കുവെക്കുകയും ഓട്ടോ ഡ്രൈവര്‍മാരുടെ സഹായത്തില്‍ അഡ്രസ് നോക്കി സുധീഷിന് പേഴ്സ് തിരികെ നല്‍കുകയായിരുന്നു.