കുന്ദമംഗലത്ത് റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം നിയമവിരുദ്ധമെന്ന് എല്‍ ഡി എഫ്; കോടതിയില്‍ ചോദ്യം ചെയ്യും

0
287

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളായ ജിഷ ചോലക്കമണ്ണില്‍ (വാര്‍ഡ് 10), എം.പി അശോകന്‍ (വാര്‍ഡ് 13), പി ഖൗലത്ത് (വാര്‍ഡ് 14), ഷമീന വെള്ളക്കാട്ട് (വാര്‍ഡ് 16) എന്നിവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടെന്നും അവരുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കരുതെന്നുമുള്ള വോട്ടര്‍മാരുടെ പരാതി തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി നിയമവിരുദ്ധമാണെന്ന് എല്‍ ഡി എഫ്. കുന്ദമംഗലം പ്രസ്സ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി പ്രതിനിധികള്‍ ആരോപണം ഉന്നയിച്ചത്.

ഈ സ്ഥാനാര്‍ത്ഥികള്‍ക്ക് 2011-12 സമയത്തെ ഓഡിറ്റ് തടസ്സവുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ കുടിശ്ശികയുള്ളതിനാല്‍ ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാണെന്നും ഇതു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നലെ (20-11-2020) തന്നെ ഈ സ്ഥാനാര്‍ത്ഥികള്‍ പണമടച്ച് ബാധ്യത തീര്‍ക്കാന്‍ തയ്യാറായതെന്നും എല്‍ ഡി എഫ് പറയുന്നു.

എന്നാല്‍ ഇവര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചതെന്നാണ് വിശദീകരണം. എന്നാല്‍ കോടതി റവന്യൂ റിക്കവറി പോലുള്ള സത്വര ശിക്ഷാ നടപടികള്‍ താത്കാലികമായി മാറ്റിവെക്കാന്‍ മാത്രമാണ് ഉത്തരവായതെന്നും പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസും നോട്ടീസ് പ്രകാരം അവര്‍ക്കുള്ള ബാധ്യതയും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് എല്‍ ഡി എഫ് പറയുന്നത്. ആയതിനാല്‍ ശരിയായ നിയമവശങ്ങള്‍ പരിശോധിക്കാതെ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി റിട്ടേണിംഗ് ഓഫീസര്‍ എടുത്ത തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ എല്‍ ഡി എഫ്് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതായി പ്രതിനിധികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ എല്‍ ഡി എഫ് നേതാക്കളായ എം.കെ മോഹന്‍ദാസ്, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, അഷ്‌റഫ് ഹാജി കാരന്തൂര്‍, എ.പി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here