കൊല്‍ക്കത്ത: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും ദേശീയ ടീമിന്റെ ക്യാപ്റ്റനുമായിരുന്ന സൗരവ് ഗാംഗുലി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. വ്യാഴാഴ്ച ബര്‍ധമാനിലേക്കുള്ള യാത്രക്കിടെ ദുര്‍ഗാപുര്‍ എക്‌സ്പ്രസ് വേയില്‍ ദന്തന്‍പുരിനു സമീപമാണ് സംഭവം. ഗാംഗുലിയുടെ വാഹനവ്യൂഹത്തിനു മുന്നില്‍ സഞ്ചരിച്ചിരുന്ന ലോറി അപ്രതീക്ഷിതമായി ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് അപടകടമുണ്ടായത്.
ലോറിക്ക് പിന്നില്‍ ഇടിക്കാതിരിക്കാന്‍ ഗാംഗുലി സഞ്ചരിച്ചിരുന്ന റേഞ്ച് റോവറിന്റെ ഡ്രൈവര്‍ ബ്രേക്ക് ചവിട്ടുകയും പിന്നാലെ മറ്റു വാഹനങ്ങള്‍ ഇടിച്ചുകയറുകയുമായിരുന്നു. വാഹനങ്ങള്‍ മിതമായ വേഗത്തിലായിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. വാഹനവ്യൂഹത്തിലെ രണ്ട് കാറുകള്‍ക്ക് നേരിയ കേടുപാടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് പത്ത് മിനിറ്റോളം യാത്ര തടസപ്പെടുകയും പിന്നീട് തുടരുകയും ചെയ്‌തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.