കോഴിക്കോട് :സംസ്ഥാന സര്‍ക്കാര്‍ തീരുമാന പ്രകാരം തദ്ദേശസ്ഥാപനങ്ങളില്‍ രൂപീകരിച്ച ആര്‍ആര്‍ടി വോളന്റിയര്‍മാരുടെ പ്രവര്‍ത്തനം മരവിപ്പിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ്. ആര്‍ആര്‍ടി വോളന്റിയര്‍മാര്‍ക്ക് നല്കിയ പാസ്സുകള്‍ റദ്ദാക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്കി.പാസുകള്‍ ഇനി നല്കിയാല് ഉദ്യോഗസ്ഥനെതിരെ കേസ്സെടുക്കുമെന്നാണ് ഉത്തരവ്.
മാര്‍ച്ച് 11ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് എല്ലാ വാര്‍ഡിലും ആര്‍ആര്‍ടി വോളന്റിയര്‍മാരെ തെരഞ്ഞെടുത്തത്. പ്രവര്‍ത്തനത്തിന് വേണ്ടി പാസ്സും നല്കി. അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ്, ഐസൊലേഷനിലും കോറന്റൈനിലും കഴിയുന്നവരുടെ ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണ വിതരണം തുടങ്ങിയവയൊക്കെ ഇതുവരെ നടത്തിയിരുന്നത് ആര്‍ആര്‍ടി അംഗങ്ങളായിരുന്നു.
എന്നാല്‍ പാസ്സുകളുടെ ദുരുപയോഗം നടക്കുന്നുവെന്ന് പറഞ്ഞാണ് കളക്ടര്‍ വോളന്റിയര്മ്മാരുടെ പ്രവര്‍ത്തനം മരവവിപ്പിച്ചത്. പകരം സര്‍ക്കാര്‍ സൈറ്റുകളില്‍ പേര് രജിസ്ട്രര്‍ ചെയ്തവര്‍ക്ക് ഇലക്ടോണിക് പാസ്സുകള്‍ നല്‍കാമെന്നാണ് നിലപാട്. നിലവില്‍ പാസ്സുകള്‍ കയ്യിലുള്ളവര്‍ തിരിച്ച് നല്‍കണം.അല്ലെങ്കില്‍ അത് അനുവദിച്ച ഉദ്യോഗസ്ഥന് പൂര്‍ണ്ണ ഉത്തരവാദിയായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. കലക്ടറുടെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കോഴിക്കോട് ആര്‍ആര്‍ടി വോളന്റിയര്‍മാരുടെ പ്രവര്‍ത്തനം കലക്ടര്‍ മരവിപ്പിച്ചു

