
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും ഇങ്ങനെ ചെയ്താല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നും അന്വേഷണ ഏജന്‍സികള്‍ പറഞ്ഞതായി സ്വപ്ന സുരേഷിന്റെ പേരില്‍ ശബ്ദ സന്ദേശം പ്രചരിക്കുന്ന വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ദക്ഷിണ മേഖല ഡിഐജിയോട് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും മൊഴിയിലുള്ളത് താന്‍ പറഞ്ഞ കാര്യങ്ങളാണോ എന്ന് വായിച്ചു നോക്കാന്‍ പോലും സമ്മതിക്കാതെ ഒപ്പിടാന്‍ പറയുകയാണ് ചെയ്യുന്നതെന്നും സ്വപ്നയുടേത് എന്ന പേരില്‍ പുറത്തുവന്ന ശബ്ദരേഖ പറയുന്നു. ‘ദി ക്യൂ’ ആണ് ശബ്ദസന്ദേശം പുറത്തുവിട്ടത്. ശിവശങ്കറിനൊപ്പം യുഎഇയില്‍ പോയി മുഖ്യമന്ത്രിക്കു വേണ്ടി സാമ്പത്തിക കാര്യങ്ങളില്‍ വിലപേശല്‍ നടത്തിയെന്നാണ് തന്റെ മൊഴിയായി ഉള്ളതെന്നാണ് അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ അറിഞ്ഞത്. എന്നാല്‍ ഈ വിധത്തില്‍ താന്‍ ഒരിക്കലും മൊഴി നല്‍കില്ലെന്നു പറഞ്ഞപ്പോള്‍ അവര്‍ ജയിലില്‍ ഇനിയും വരുമെന്നും സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു.
സ്വപ്നയുടേതാണ് ഈ ശബ്ദസന്ദേശമെങ്കില്‍ എങ്ങനെയാണ് ഇത് റിക്കോര്‍ഡ് ചെയ്യപ്പെട്ടതെന്നും ആരാണ് ഇതിനു പിന്നിലെന്നും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജയില്‍ ഡിജിപി നല്‍കിയിരിക്കുന്ന ഉത്തരവ്. സ്വപ്നയെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ പേരില്‍ ആരോപണമുന്നയിച്ചതിന്റെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നേരത്തെ ഋഷിരാജ് സിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും വ്യാജ ആരോപണം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നുമായിരുന്നു ജയില്‍ ഡിജിപി നല്‍കിയ മുന്നറിയിപ്പ്. സ്വപ്നയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് പേരാണ് എത്തുന്നതെന്നും സന്ദര്‍ശകരില്‍ മുഖ്യമന്ത്രിയുടേയും ധനമന്ത്രി തോമസ് ഐസക്കിന്റെയും ആളുകള്‍ ഉണ്ടെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം. കോഫെപോസെ പ്രതികളെ സന്ദര്‍ശിക്കാന്‍ കസ്റ്റംസിന്റെ അനുമതി വേണമെന്നിരിക്കെ ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് സന്ദര്‍ശകരെ അനുവദിച്ചത് എന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യം തള്ളിക്കളഞ്ഞ ഋഷിരാജ് സിംഗ് ജയില്‍ ഉദ്യോഗസ്ഥരുടേയും കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ സ്വപ്നയുടെ ഭര്‍ത്താവ്, സഹോദരന്‍, അമ്മ, മക്കള്‍ എന്നിവര്‍ക്കു മാത്രമാണ് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയതെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ ജയിലിലെ രജിസ്റ്ററിലും സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെയാണ് സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്.

