വടകര: വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് മടപ്പള്ളി ഗവണ്‍മെന്റ് കോളജില്‍ സ്വീകരണം നല്‍കി. നാദാപുരം റോഡില്‍ നിന്നും പ്രകടനമായി എത്തിയ ജാഥയെ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ കാമ്പസിനുള്ളില്‍ സ്വീകരിച്ചു.
കാമ്പസുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയ സമഗ്രാധിപത്യത്തിന്റെ പ്രശ്‌നങ്ങളെയും അതിലൂടെ നടപ്പിലാക്കി വരുന്ന മനുഷ്യാവകാശ പൗരാവകാശ ലംഘനങ്ങളെയും കുറിച്ച് പഠനവും അന്വേഷണവും നടത്താന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്ന് ഷംസീര്‍ ഇബ്രാഹിം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ സ്വയം നിര്‍ണയാവകാശങ്ങള്‍ക്ക് വേണ്ടി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രട്ടേണിറ്റി ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂര്‍ അധ്യക്ഷത വഹിച്ചു.
എസ്.എഫ്.ഐ ഇതര വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിന്റെ പേരില്‍ നേരത്തേ നിരവധി തവണ ആക്ഷേപമേറ്റുവാങ്ങിയ കാമ്പസാണ് മടപ്പള്ളി ഗവണ്‍മെന്റ് കോളേജ്. കഴിഞ്ഞ പല വര്‍ഷങ്ങളിലായി ഫ്രറ്റേണിറ്റി, എംഎസ്എഫ്, കെഎസ്‌യു, ഇങ്കിലാബ് പ്രവര്‍ത്തകര്‍ ക്രുരമായി മര്‍ദ്ദിക്കപ്പെടുകയും രാഷ്ട്രീയപ്പാര്‍ട്ടികള്‍ കോളേജ് ഉപരോധിക്കുന്നതിലേക്കു വരെ കാര്യങ്ങള്‍ എത്തിച്ചേരുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് എസ്.എഫ്.ഐ ഇതര വിദ്യാര്‍ത്ഥി സംഘടനാ നേതാവിന് കാമ്പസിനകത്ത് സ്വീകരണമൊരുക്കുന്നത്. കേരളത്തിലെ കാമ്പസുകളില്‍ നിലനില്‍ക്കുന്ന ഏകപാര്‍ട്ടി ആധിപത്യത്തിന്റെ തകര്‍ച്ചയാണ് ഈ സ്വീകരണമെന്ന് ഷംസീര്‍ ഇബ്രാഹീം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മഹേഷ് തോന്നക്കല്‍, കെ.എം ഷെഫ്രിന്‍, വൈസ് പ്രസിഡന്റ് അനീഷ് പാറമ്പുഴ, സെക്രട്ടറി എം ജെ സാന്ദ്ര, ജില്ലാ കമ്മിറ്റി അംഗം സല്‍വ അബ്ദുല്‍ ഖാദര്‍, യൂണിറ്റ് പ്രസിഡണ്ട് സജ സുല്‍ത്താന, സെക്രട്ടറി ഹിറ എന്നിവര്‍ സംസാരിച്ചു. ജുഹൈന, അഷ്ഫാഖ്, ഡാനിഷ് എന്നിവര്‍ ജാഥാ ക്യാപ്റ്റന് ഹാരാര്‍പ്പണം നടത്തി. മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ പത്ത് കാമ്പസുകളില്‍ പര്യടനം നടത്തിയ ജാഥ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചു.