ഷാരൂഖ് ഖാൻ ചിത്രം പത്താനെതിരെ പ്രതിഷേധം കടുക്കുന്നു.ചിത്രത്തിലേതായി പുറത്തുവന്ന ഗാനരംഗത്തിലെ ദീപികാ പദുക്കോണിന്റെ വസ്ത്രധാരണത്തിന് വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്.ഇപ്പോഴിതാ നടൻ മുകേഷ് ഖന്നയാണ് പുതിയ വിമർശനവുമായി എത്തിയത്.നിയന്ത്രണങ്ങളില്ലാത്ത രീതിയിലേക്ക് നമ്മുടെ സിനിമാ മേഖല പോയെന്നാണ് തനിക്ക് തോന്നുന്നതെന്ന് മുകേഷ് ഖന്ന പറഞ്ഞു. എന്തും അനുവദിക്കുന്ന സ്വീഡനോ സ്പെയിനോ അല്ല നമ്മുടെ രാജ്യം. ഇത്രയും പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ ആകർഷിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടായെങ്കിൽ അടുത്ത തവണ നിങ്ങൾ വസ്ത്രമില്ലാതെ വരുമെന്നും മുകേഷ് ഖന്ന വിമർശിച്ചു.സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെയും മുകേഷ് ഖന്ന ആരോപണം ഉന്നയിച്ചു. ഹിന്ദു മതത്തിന് നേരെയുള്ള ഈ ആക്രമണങ്ങളെല്ലാം സെന്‍സര്‍ബോര്‍ഡ് കാണുന്നില്ലേ? സിനിമകൾ ആരുടെയും വ്യക്തിപരമായ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സെൻസർ ബോർഡിന്റെ ജോലി.
യുവാക്കളെ വഴിതെറ്റിക്കുന്നതായ സിനിമകൾ സെൻസർ കടമ്പ കടക്കരുത്. ഈ ഗാനത്തിന് യുവാക്കളുടെ മനസ്സ് മോശമാക്കാന്‍ കഴിയും, ഇത് ഒടിടിക്ക് വേണ്ടി ഉണ്ടാക്കിയ പാട്ടല്ല, സിനിമയാണ്. സെൻസർ എങ്ങനെ അത് പാസാക്കും? ബോധപൂർവമായ പ്രകോപനപരമായ വസ്ത്രധാരണം അവർ കണ്ടില്ലേ? – മുകേഷ് ഖന്ന ചോദിച്ചു.‘പത്താൻ’ എന്ന ചിത്രത്തിലെ ‘ബേഷ്റം റംഗ്’ എന്ന തുടങ്ങുന്ന ഗാനം പുറത്തുവന്നതു മുതലാണ് ബിജെപി നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ ഗാനരംഗത്തിൽ ദീപിക പദുക്കോൺ ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറമാണ് വിവാദത്തിനു കാരണം. കാവി നിറമുള്ള ബിക്കിനി ഹിന്ദുത്വത്തെ അപമാനിക്കാനുള്ള ബോധപൂർവമുള്ള ശ്രമമാണെന്നാണ് ആരോപണം. ഗാനരംഗത്തിൽ ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാർഹമാണെന്നും ഗാനം ചിത്രീകരിച്ചത് ‘മലിനമായ മാനസികാവസ്ഥ’യിൽ നിന്നാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും പ്രതികരിച്ചിരുന്നു.

