Trending

പൊതുവിദ്യാലയങ്ങള്‍ ശാക്തീകരിക്കുന്നത് നാട്ടില്‍ സൗഹൃദവും സ്‌നേഹവും വളരാന്‍; മന്ത്രി ഡോ. കെ ടി ജലീല്‍

പൂളക്കോട്: നാട്ടില്‍ സൗഹൃദവും സ്‌നേഹവും വളരാന്‍ വേണ്ടിയാണ് പൊതുവിദ്യാലയങ്ങള്‍ ശാക്തീകരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. പൂളക്കോട് ജിഎല്‍പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അണ്‍ എയ്ഡഡ് മേഖലയില്‍ നിരവധി സ്ഥാപനങ്ങളുണ്ടായിട്ടും ജനങ്ങള്‍ക്ക് സാമ്പത്തികാഭിവൃദ്ധിയുള്ള കാലമായിട്ടും സര്‍ക്കാര്‍ എന്തിനുവേണ്ടിയാണ് കോടിക്കണക്കിന് രൂപ പൊതുവിദ്യാലയങ്ങളില്‍ ചെലവഴിക്കുന്നതിനുള്ള മറുപടിയാണിത്. ഇത്രയും പണം ചെലവഴിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുണ്ടാകുന്ന മതസൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ നിന്ന് സാമുദായിക മൈത്രി നേടിയെടുക്കാന്‍ കഴിയും എന്നത് തന്നെ വലിയനേട്ടമാണ്.

പൊതുവിദ്യാലയങ്ങള്‍ ശുഷ്‌കമായിരുന്ന ഒരു കാലയളവ് കഴിഞ്ഞുപോയി. വിദ്യാര്‍ഥികളില്ലാതെയും സൗകര്യങ്ങളില്ലാതെയും വീര്‍പ്പുമുട്ടിയിരുന്ന സര്‍ക്കാര്‍ സ്്കൂളുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് മുതലെടുത്ത് തഴച്ചു വളരുകയായിരുന്നു വിവിധ മത-ജാതി സംഘടനകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ആ കാലമായിരുന്നു കേരള ചരിത്രത്തിലെ ഏറ്റവും കാളിമയാര്‍ന്ന കാലം. മതാന്ധതയും വര്‍ഗീയതയും കേരളത്തെയും കുട്ടികളെയും ഗ്രസിച്ച കാലം. കുട്ടികള്‍ പഠിച്ചിരുന്ന സ്ഥാപനങ്ങളില്‍ നിന്ന് കിട്ടികൊണ്ടിരുന്ന അറിവുകളാണ് അവരെ ഇതിലേക്ക് നയിച്ചത്.

എന്നാല്‍ പൊതുവിദ്യാലയമെന്നത് ഒരു നാടിന്റെ പരിഛേദമാണ്. വിവിധ സമുദായ-ജാതി-സാമ്പത്തിക മേഖലകളില്‍ നിന്നു വരുന്നവരുടെ ഇടമാണ് പൊതുവിദ്യാലയങ്ങള്‍. നാടിനെ കുറിച്ച് ആദ്യം അറിയുന്നത് പൊതുവിദ്യാലയങ്ങളുടെ മുറ്റത്തുവെച്ചാണ്. സഹോദരസമുദായങ്ങളില്‍ നിന്ന് കൂട്ടുകാരുണ്ടായത് ഇത്തരം ക്ലാസ്മുറികളില്‍ വെച്ചാണ്. നമ്മളൊന്നാണ് എന്ന വികാരത്തിന് കോട്ടം തട്ടിയത് പൊതുവിദ്യാലയങ്ങള്‍ ദുര്‍ബലമായതോട് കൂടിയാണ്. മതാന്ധതയിലേക്കും വര്‍ഗീയതയിലേക്കും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്കും നമ്മുടെ കുട്ടികള്‍ വഴിതെറ്റാന്‍ തുടങ്ങി. ഇതില്‍ നിന്ന് എങ്ങനെ മുക്തിയും മോചനവും നേടാനാകുമെന്ന ചിന്തയാണ് സര്‍ക്കാറിനെ പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രേരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

പി ടി എ റഹിം എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 50 ലക്ഷം വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. സ്‌കൂളില്‍ നിര്‍മ്മിച്ച തണലോരം എന്ന കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനവും ചടങ്ങിന്റെ ഭാഗമായി നടന്നു.

പി ടി എ റഹിം എംഎല്‍എ അധ്യക്ഷത വഹിച്ചു. എല്‍എസ്ജിഡി എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ കെ ജി സന്ദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എ രമേശന്‍, സ്ഥിരംസമിതി അധ്യക്ഷ ദിവ്യാ മനോജ്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എ കെ ടി ചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് അംഗം ശോഭന, എഇഒ ആര്‍ കെ മുരളീധര പണിക്കര്‍, ബിപിഒ ജോസ് തോമസ്, പ്രധാനധ്യാപിക മാധവി, ഇ വിനോദ്, ടി വേലായുധന്‍, അഹമ്മദ്കുട്ടി അരയങ്കോട്, ചൂലൂര്‍ നാരായണന്‍, ഗോപാലകൃഷ്ണന്‍ ചൂലൂര്‍, ശിവദാസന്‍ മംഗലഞ്ചേരി, അബ്ദുറഹിമാന്‍ഹാജി, എം ടി വിനോദ്, സി കെ ഷമിം, ഐ എം ബാലന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബീന സ്വാഗതവും പിടിഎ പ്രസിഡന്റ് പി എം അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!