കോട്ടയം: ഇ.പി ജയരാജന്റെ പേരിലുള്ള പുസ്തക വിവാദത്തില്‍ ഡിസി ബുക്‌സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ.വി ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാലാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ശ്രീകുമാറില്‍ നിന്നാണ് ആത്മകഥ ഭാഗങ്ങള്‍ ചോര്‍ന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ആത്മകഥാ വിവാദത്തില്‍ തന്നെ ബലിയാടാക്കിയെന്ന് ശ്രീകുമാര്‍ മൊഴി നല്‍കി. ഒരു തെറ്റും ചെയ്തിട്ടില്ല, ഏല്‍പ്പിച്ച ജോലികള്‍ ഉത്തരവാദിത്തതോടെ ചെയ്യുക മാത്രമാണ് ചെയ്തതെന്നും ശ്രീകുമാറിന്റെ മൊഴിയില്‍ പറയുന്നു.
തന്റെ പേരിലുള്ള പുസ്തകത്തിലെ വിവരങ്ങള്‍ പുറത്തായതിനു പിന്നാലെ ഇപി ജയരാജന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കോട്ടയം എസ്പി സമര്‍പ്പിച്ച ആദ്യ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി തള്ളി. തുടര്‍ന്ന് സമര്‍പ്പിച്ച വിശദമായ അന്വേഷണ റിപ്പോര്‍ട്ടിലാണ് പുസ്തകത്തിന്റെ ഉള്ളടക്കം ഡിസിയില്‍ നിന്നും തന്നെയാണ് ചോര്‍ന്നതെന്ന ഗൗരവതരമായ കണ്ടെത്തല്‍. ഡിസി ബുക്‌സ് നടപടിയെടുത്ത പബ്ലിക്കേഷന്‍സ് വിഭാഗം മാനേജര്‍ ശ്രീകുമാറാണ് ഉള്ളടക്കം പുറത്തുവിട്ടത്. എന്നാല്‍ പകര്‍പ്പാവകാശ നിയമം അടക്കം ബാധകമായ കേസില്‍ നേരിട്ട് കേസെടുക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.