
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡി.എസ്.യു) ഓഫീസ് അടിച്ചുതകര്‍ത്തതില്‍ ആറ് യു.ഡി.എസ്.എഫ്. പ്രവര്‍ത്തകര്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. നരഹത്യാശ്രമം (ബി.എന്‍.എസ് 110) ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ബുധനാഴ്ച രാത്രിയാണ് ഒരു സംഘം യു.ഡി.എസ്.എഫ് പ്രവത്തകര്‍ ചേര്‍ന്ന് ഓഫീസില്‍ അക്രമം നടത്തിയത്. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.എസ്.എഫ്.ഐ. യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി കാംപസിനകത്ത് രക്തസാക്ഷികളുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡിലെ ‘കൊന്നതാണ്’ എന്ന പരാമര്‍ശമാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് വിദ്യാര്‍ഥികളില്‍നിന്ന് ലഭിക്കുന്നവിവരം. ഇതില്‍ പ്രകോപിതരായ എം.എസ്.എഫ്. പ്രവര്‍ത്തകര്‍ അരിയില്‍ ഷുക്കൂറിന്റെ ബോര്‍ഡ് വെച്ചെന്നും ഇതിന് മറുപടിയായി എസ്.എഫ്.ഐ. വീണ്ടും ബോര്‍ഡുകള്‍ സ്ഥാപിച്ചതോടെ പ്രകോപിതരായ യു.ഡി.എസ്.എഫ്. പ്രവര്‍ത്തകര്‍ ഡി.എസ്.യു. ഓഫീസ് അടിച്ചുതകര്‍ത്തെന്നുമാണ് എസ്.എഫ്.ഐ.യുടെ ആരോപണം.
.