2018ലെ കായിക അവാർഡുകൾ പ്രഖ്യാപിച്ചു

0
152

ജി.വി.രാജാ അവാർഡ് മുഹമ്മദ് അനസിനും പി.സി. തുളസിക്കും

2018ലെ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. ജി.വി. രാജാ അവാർഡിന് പുരുഷ വിഭാഗത്തിൽ  അത്‌ലറ്റിക്‌സ് താരം മുഹമ്മദ് അനസും വനിതാ വിഭാഗത്തിൽ ബാഡ്മിന്റൺ താരം പി സി തുളസിയും അർഹരായി. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലെ വെള്ളിമെഡൽ നേട്ടമാണ്  മുഹമ്മദ് അനസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ നേട്ടവും യൂബർ കപ്പിലെ നേട്ടവുമാണ്  പി.സി. തുളസിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.  മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡെന്ന് കായികവകുപ്പ് മന്ത്രി ഇ.പി.ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലോങ്ജംപ് പരിശീലകൻ ടി.പി. ഔസേപ്പിനാണ്. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്. മികച്ച കായിക പരിശീലകനുള്ള അവാർഡ് ഫുട്‌ബോൾ പരിശീലകൻ സതീവൻ ബാലനാണ്. 13 വർഷത്തിന് ശേഷം സന്തോഷ് ട്രോഫി കേരളത്തിന് നേടികൊടുത്തതും അന്തർ സർവകലാശാല ഫുട്‌ബോൾ മത്സരത്തിൽ കാലിക്കറ്റ് സർവകലാശാലക്ക് ഹാട്രിക്ക് കിരീടവും നേടിക്കൊടുത്ത പരിശീലകനാണ് സതീവൻ ബാലൻ. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്.

കോളേജ് തലത്തിലെ കായിക അധ്യാപകനുള്ള അവാർഡ് കണ്ണൂർ എസ്.എൻ. കോളേജിലെ  ഡോ. കെ. അജയകുമാറിനാണ്. അമ്പതിനായിരം  രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്.
സ്‌പോർട്‌സ് ഹോസ്റ്റൽ  സ്‌കൂൾ തലത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ  കോതമംഗലം മാർ അത്തനേഷ്യസ് അക്കാഡമിയിലെ അത്‌ലറ്റ് സാന്ദ്ര ബാബു അർഹയായി. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവുമാണ് അവാർഡ്.സ്‌പോർട്‌സ് ഹോസ്റ്റൽ  കോളേജ് തലത്തിൽ പുരുഷ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജിലെ അത്‌ലറ്റ് നിബിൻ ബൈജു അർഹനായി.

സ്‌പോർട്‌സ് ഹോസ്റ്റൽ  കോളേജ് തലത്തിൽ വനിതാ വിഭാഗത്തിൽ  കോതമംഗലം എം.എ കോളേജിലെ അത്‌ലറ്റ്  വി.കെ വിസ്മയയും അർഹയായി. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്.
സ്‌കൂൾതലത്തിലെ കായിക അദ്ധ്യാപകനായി പാലക്കാട് മാത്തൂർ സി എഫ് ഡി എച്ച്  എസിലെ കെ. സുരേന്ദ്രനെ തിരഞ്ഞെടുത്തു. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്.
മികച്ച കായികനേട്ടം കൈവരിച്ച കോളേജിനുള്ള അവാർഡ്  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനാണ്. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവുമാണ്  അവാർഡ്. മികച്ച കായിക നേട്ടം കൈവരിച്ച സ്‌കൂളിനുള്ള അവാർഡ് പുല്ലൂരംപാറ സെന്റ് ജോസഫ് ഹൈസ്‌കൂളിനാണ്. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്.

സ്‌പോർട്‌സ് പുസ്തകത്തിനുള്ള പുരസ്‌കാരം ബി.ടി സിജിൻ, ഡോ. ആർ. ഇന്ദുലേഖ എന്നിവർ രചിച്ച ‘ഒരു ഫുട്‌ബോൾ ഭ്രാന്തന്റെ  ഡയറിക്കാണ്’.  അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്.
ദൃശ്യ മാധ്യമവിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസിലെ ജോബി ജോർജ്ജും അച്ചടി മാധ്യമ വിഭാഗത്തിൽ ദീപികയുടെ തോമസ് വർഗീസും ഫോട്ടോഗ്രഫി വിഭാഗത്തിൽ ദേശാഭിമാനിയുടെ ജഗത് ലാലും മാധ്യമ അവാർഡിന് അർഹരായി. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡുകൾ.

വിവിധ അവാർഡുകൾക്കായി അപേക്ഷിച്ചവർക്ക് പ്രത്യേക പുരസ്‌കാരവും പ്രഖ്യപിച്ചു. വനിത ബാഡ്മിന്റൺ താരം അപർണ്ണ ബാലൻ, അമൃത ടി.വി റിപ്പോർട്ടർ ദീപക് ധർമ്മടം, തേവര എസ് എച്ച് കോളേജിലെ കായിക അധ്യാപകൻ ഡോ. കെ.എ രാജു, സ്‌പോർട്‌സ് ലേഖകൻ എം.എം ജാഫർ ഖാൻ എന്നിവർക്കാണ് പുരസ്‌കാരങ്ങൾ. പതിനായിരത്തൊന്ന് രൂപയാണ് പുരസ്‌കാരത്തുക.
സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ, സെക്രട്ടറി സഞ്ജയൻ കുമാർ, മറ്റ് ജൂറി അംഗങ്ങൾ തുടങ്ങിയവർ പുരസ്‌കാര പ്രഖ്യാപനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here