കൊച്ചി നേവല്‍ ബേസില്‍ ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടി ഫോണ്‍ കോള്‍ എത്തിയ സംഭവത്തില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മുജീബ് റഹ്‌മാനാണ് അറസ്റ്റിലായത്. എലത്തൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എന്തിനാണ് ഫോണ്‍ വിളിച്ചത് എന്നതില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
പ്രതിക്കെതിരെ ഓഫിഷ്യല്‍ SECRET ആക്ട് ചുമത്തും. ഇയാളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച് വരികയാണ്. കൊച്ചി ഹാര്‍ബര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാവിക സേനയുടെ വിശദമായ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുജീബ് പിടിയിലാകുന്നത്. മൊബൈല്‍ ഫോണ്‍ നമ്പര്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വ്യാജ പേരിലായിരുന്നു മുജീബ് ഫോണ്‍ കോള്‍ വിളിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്ന വ്യാജേന വിളിച്ച് ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു ശ്രമം. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു ഫോണ്‍ വിളിയെത്തിയത്. ‘രാഘവന്‍’ എന്ന് പരിചയപ്പെടുത്തിയാണ് ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചത്. ഫോണ്‍ കോളില്‍ സംശയം തോന്നിയ നേവി അധികൃതര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.