ഓപ്പറേഷന്‍ സിന്ദൂറില്‍ വധിച്ച ഭീകരരുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത പാക് സൈനികരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ. പാകിസ്താന്‍ സൈനികരുടെയും പഞ്ചാബ് പ്രവിശ്യയിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥരുടെയും പേര് വിവരങ്ങളാണ് പുറത്തുവിട്ടത്. ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ക്രൂരമായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായിട്ടാണ് മെയ് 7-ന് പുലര്‍ച്ചെ ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്.
ലഫ്റ്റനന്റ് ജനറല്‍ ഫയാസ് ഹുസൈന്‍ ഷാ, ലാഹോറിലെ കഢ കോര്‍പ്‌സിന്റെ കമാന്‍ഡര്‍, ലാഹോറിലെ 11 ഇന്‍ഫന്‍ട്രി ഡിവിഷനിലെ മേജര്‍ ജനറല്‍ റാവു ഇമ്രാന്‍ സര്‍താജ്, ബ്രിഗേഡിയര്‍ മുഹമ്മദ് ഫുര്‍ഖാന്‍ ഷബീര്‍, പാക് പഞ്ചാബ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡോ. ഉസ്മാന്‍ അന്‍വര്‍, പഞ്ചാബ് പ്രവിശ്യാ അസംബ്ലി അംഗം മാലിക് സൊഹൈബ് അഹമ്മദ് ഭേര്‍ത്ത് എന്നിവരാണ് ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.
പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുടനീളമുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. ആക്രമണങ്ങളില്‍ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.