കോഴിക്കോട്: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇകെ സമസ്ത മുഖപത്രം സുപ്രഭാതം. കേന്ദ്രത്തെ വിമര്‍ശിക്കാന്‍ സര്‍ക്കാരിന് മടിയാണെന്നും നയപ്രഖ്യാപനത്തിലും ധവള പത്രത്തിലും കേന്ദ്രത്തെ വിമര്‍ശിക്കാതിരിക്കാന്‍ ജാഗ്രത കാട്ടിയെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
കേരളത്തിന് അര്‍ഹമായത് ഒന്നും കേന്ദ്രം തരുന്നില്ല. ആ നിലപാട് തുടരുമ്പോള്‍ വിമര്‍ശിക്കാന്‍ എന്തിനു മടിക്കണം.കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ഒരു വരി പോലും പറയുന്നില്ല. ഗവര്‍ണറുടെ അമിതാധികാരം എന്തുകൊണ്ട് എതിര്‍ക്കുന്നില്ല. സര്‍ക്കാരിന്റെ നിലപാട് ജനവിശ്വാസത്തെ തോല്‍പ്പിക്കുന്നതാണ്. പിഎം ശ്രീയില്‍ നിലപാടില്ല. പദ്ധതി റദ്ദാക്കുമെന്ന് പറഞ്ഞവര്‍ ഒളിച്ചു കളിക്കുന്നു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ എതിര്‍ത്ത പല പദ്ധതികളും നടപ്പാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലും പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും നിലവില്‍വന്ന സര്‍ക്കാരുകളോട് പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാന ഭരണതലത്തിലെ അവ്യക്തതയാണ് സംശയങ്ങള്‍ ഇരട്ടിപ്പിച്ചത്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതും നിയമപരമായി അവകാശപ്പെട്ടതുമായ കേന്ദ്രവിഹിതം നല്‍കണമെങ്കില്‍ പിഎം ശ്രീ നടപ്പാക്കണമെന്ന തിട്ടൂരമാണ് ബിജെപി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാനവിഹിതം തടയാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് തമിഴ്നാട് കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയതിനുശേഷവും കേന്ദ്രം സമ്മര്‍ദതന്ത്രം പയറ്റുകയാണ്.
ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കരാറില്‍ ഒപ്പുവച്ചു. തമിഴ്നാട്ടില്‍ മുന്‍ സര്‍ക്കാര്‍ നിലപാട് പിന്തുടരുകയാണ് വിജയ് സര്‍ക്കാര്‍. എന്നാല്‍, കേരളത്തിലാവട്ടെ മുന്‍ സര്‍ക്കാര്‍ ഒപ്പിട്ടശേഷം മരവിപ്പിച്ച കരാറുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികളില്‍ വ്യക്തമായ നിലപാട് പറയാന്‍ പുതിയ സര്‍ക്കാരിന് സാധിക്കുന്നില്ല. അധികാരത്തിലെത്തിയാല്‍ പദ്ധതി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചവരില്‍നിന്നാണ് ഇത്തരം സമീപനമുണ്ടാവുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

