സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തോടനുബന്ധിച്ച് നവംബര്‍ മൂന്ന്, നാല് തീയതികളില്‍ എറണാകുളത്ത് നടക്കുന്ന ഇന്‍ക്ലൂസീവ് കായികോത്സവത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് 110 ഭിന്നശേഷി കുട്ടികള്‍ പങ്കെടുക്കും. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള ജില്ലാതല അത്ലറ്റിക് മത്സരങ്ങള്‍ മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സിന്തറ്റിക് ട്രാക്കിലും ഗെയിംസ് ഇനങ്ങള്‍ കോഴിക്കോട് ഫിസിക്കല്‍ എജുക്കേഷന്‍ ഗ്രൗണ്ടിലും നടന്നു.
ചരിത്രത്തിലാദ്യമായാണ് സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ ഭിന്നശേഷി കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നത്. സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ)യുടെ നേതൃത്വത്തിലാണ് ജില്ലാതല ഇന്‍ക്ലൂസീവ് കായിക മത്സരങ്ങള്‍ നടക്കുന്നത്. മത്സരങ്ങള്‍ എസ്.എസ്.കെ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുള്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി മനോജ്കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ അസീസ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി ടി ഷീബ, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരായ വി ഹരീഷ് , വി പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.100 മീറ്റര്‍ ഓട്ടം, 4ഃ100 മീറ്റര്‍ റിലേ, സ്റ്റാന്‍ഡിങ് ജമ്പ്, സ്റ്റാന്‍ഡിങ് ത്രോ എന്നീ അത്‌ലെറ്റിക് ഇനങ്ങളും ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, ഹാന്‍ഡ് ബോള്‍ എന്നീ ഗെയിംസ് ഇനങ്ങളിലുമാണ് മത്സരങ്ങള്‍ നടന്നത്.