ന്യൂഡല്‍ഹി: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്ക്കും വികസനത്തിനെതിരെ സാമ്പത്തിക ഉപരോധം തീര്‍ക്കുന്നുവെന്നും ആരോപിച്ച് ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11നു ജന്തര്‍ മന്തറില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അണിനിരക്കുന്ന പരിപാടിയില്‍ ഡിഎംകെ, ആര്‍ജെഡി, ആം ആദ്മി പാര്‍ട്ടി, നാഷനല്‍ കോണ്‍ഫറന്‍സ്, ജെഎംഎം, എന്‍സിപി എന്നി പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.
രാവിലെ 10.30ന് കേരള ഹൗസിനു മുന്നില്‍നിന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജാഥയായി സമരവേദിയിലേക്ക് നീങ്ങും. പ്രതിഷേധം ഉച്ചവരെ തുടരും. എന്‍ഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ഡല്‍ഹി മലയാളികളുടെ പ്രതിനിധികളും പങ്കെടുക്കും. പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിണറായി വിജയനു തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്തയച്ചിട്ടുണ്ട്. യുഡിഎഫിനെ ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നില്ല.

