കോഴിക്കോട്: വ്യാജ സ്വര്‍ണം പണയപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശി നൗഷാദിനെയും തച്ചന്‍പൊയില്‍ സ്വദേശി ഗിരിജയെയുമാണ് താമരശ്ശേരി പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം 28-ന് താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സൂര്യ ഫൈനാന്‍സ് സ്ഥാപനത്തില്‍ ഗിരിജ സ്വര്‍ണവളകള്‍ പണയം വെക്കാന്‍ എത്തിയിരുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ സ്വര്‍ണം പരിശോധിച്ചപ്പോഴാണ് അത് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതോടെ യുവതി വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
അന്വേഷണത്തില്‍, ഗിരിജ പണയം വെക്കാന്‍ കൊണ്ടുവന്ന സ്വര്‍ണം നൗഷാദാണ് നല്‍കിയതെന്ന് വ്യക്തമായി. മലബാര്‍ ഗോള്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വളകളില്‍ മലബാര്‍ ഗോള്‍ഡിന്റെ വ്യാജ ലോഗോയും BIS ഹാള്‍മാര്‍ക്ക് മുദ്രയും ഉപയോഗിച്ചതായും, തലേദിവസം കോഴിക്കോട് വില്‍പ്പന നടത്തിയ യഥാര്‍ഥ ആഭരണത്തിന്റെ അതേ സീരിയല്‍ നമ്പര്‍ തന്നെയാണ് വ്യാജ വളകളിലും രേഖപ്പെടുത്തിയിരുന്നതെന്നും കണ്ടെത്തി.
തുടര്‍ന്ന് താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാത്രിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൂടുതല്‍ തട്ടിപ്പുകള്‍ക്ക് ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

