വയനാട് പുനരധിവാസം സംബന്ധിച്ച സർക്കാർ ഉത്തരവിനെതിരെ വിമർശനമുയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി റവന്യൂ മന്ത്രി കെ രാജൻ. പുനരധിവാസം രണ്ട് ഘട്ടം എന്നു പറഞ്ഞിട്ടുണ്ടെങ്കിലും പൂർണ്ണമായി വീടുകൾ തകർന്നവരെയും അപകടമേഖലയിലുള്ള വാസയോഗ്യമല്ലാത്ത വീടുകളിലുള്ളവരേയും രണ്ട് വിഭാഗങ്ങളായി കണ്ട് പട്ടിക മാത്രമാണ് ചെയ്യുന്നതെന്നും രണ്ടിടത്തെയും പുനരധിവാസം ഒരേ സമയം തന്നെ നടക്കുമെന്നും മന്ത്രി വിശദീകരിച്ചു. പൂർണ്ണമായി വീടുകൾ തകർന്നവരുടെയും അപകടമേഖലയിലുള്ള വാസയോഗ്യമല്ലാത്ത വീടുകളിലുള്ളവരുടെയും പട്ടികകൾ പ്രത്യേകം തയ്യാറാക്കാനാണ് നിർദ്ദേശം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.വയനാടിനുളള കേന്ദ്ര സഹായം വൈകുമെങ്കിൽ അക്കാര്യം കേന്ദ്രം അറിയിക്കണം. പരസ്പര വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ മറുപടികളാണ് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടികളിൽ നിന്നു പോലും കിട്ടുന്നത്. കേന്ദ്ര സഹായം വൈകുന്നതിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ സംശയിക്കേണ്ട ഘട്ടമാണ് ഇപ്പോഴെന്നായിരുന്നു റവന്യൂ മന്ത്രിയുടെ മറുപടി.കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന്റെ ആശങ്ക ദൂരീകരിക്കപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേസിലെ അന്വേഷണ ഏജൻസി ഏതാണെന്നതല്ല വിഷയം. നിലവിലെ അന്വേഷണത്തിന്റെ പുരോഗതി അറിയണം. സിബിഐ അന്വേഷണം എന്ന കുടുംബത്തിന്റെ ആവശ്യത്തിൽ സർക്കാർ ഔദ്യോഗികമായി നിലപാട് അറിയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.