ശ്രീഹരിക്കോട്ട: യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ-3 വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ഇഎസ്എയുടെ രണ്ട് പേടകങ്ങളാണ് (കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍) ഇസ്രൊയുടെ പിഎസ്എല്‍വി-സി59 റോക്കറ്റ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്ന് 4.04ന് ഇരു കൃത്രിമ ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി59 കുതിച്ചുയര്‍ന്നു. വിക്ഷേപണത്തിന്റെ നാല് ഘട്ടങ്ങളും വിജയമാക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിക്കായി. ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തി.