കോഴിക്കോട്: ഒരു യാത്ര ഇത്രമേൽ വേദനയും നഷ്ടവും സമ്മാനിക്കുമെന്ന് ആരും കരുതിയിരുന്നില്ല. സന്തോഷങ്ങളും സൗഹൃദങ്ങളും നിറഞ്ഞ യാത്രാവിശേഷങ്ങൾ പതിവായി സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്ന എൻജിനീയർ പി. മുഹമ്മദ് കോയയുടെ ഖസാക്കിസ്ഥാനിലേക്കുള്ള യാത്ര ഒടുവിൽ നാടിനും കുടുംബത്തിനും തീരാനോവായി മാറി.
നിരവധി രാജ്യങ്ങൾ സന്ദർശിക്കുകയും യാത്രാനുഭവങ്ങൾ വ്ലോഗുകളിലൂടെ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ അവസാന യാത്രയായിരുന്നു ഇത്. സഹപ്രവർത്തകരും സുഹൃത്തുക്കളുമടങ്ങുന്ന അംഗങ്ങളുടെ 17 അംഗ സംഘത്തോടൊപ്പമാണ് നവംബർ രണ്ടിന് കൊച്ചിയിൽനിന്ന് ഖസാക്കിസ്ഥാനിലെ അൽമാട്ടിയിലേക്ക് യാത്ര തിരിച്ചത്.
അൽമാട്ടിയിലെത്തിയതിന്റെ പിറ്റേന്ന് രാവിലെ തന്നെ വ്ലോഗിലൂടെ അദ്ദേഹം അവിടുത്തെ വിശേഷങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. തുടർന്ന് സ്ഥലങ്ങൾ സന്ദർശിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഉടൻ താമസസ്ഥലത്തേക്ക് മടങ്ങിയ അദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനകൾക്കുശേഷം ഹൃദയസംബന്ധമായ ഗുരുതര പ്രശ്നത്തെ തുടർന്ന് മൂന്ന് സ്റ്റന്റുകൾ സ്ഥാപിക്കേണ്ടിവന്നു. എന്നാൽ ആരോഗ്യനില കൂടുതൽ വഷളായതോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്ത്യൻ സമയം മൂന്ന് മണിയോടെയായിരുന്നു അന്ത്യം.
വിവരമറിഞ്ഞ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും കടുത്ത ദുഃഖത്തിലായി. അദ്ദേഹത്തിന്റെ മരുമകനും ഖസാക്കിസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. അവിടത്തെ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഡൽഹി വഴിയോ കൊച്ചി വഴിയോ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. മൃതദേഹം നാട്ടിലെത്തിച്ചാൽ നാളെ ഖബറടക്കം നടത്തണമെന്നാണ് ബന്ധുക്കളുടെ ആഗ്രഹം.
കോഴിക്കോടിന്റെ പൊതുസാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്നു എൻജിനീയർ പി. മുഹമ്മദ് കോയ. കണ്ടുമുട്ടുന്നവരോടെല്ലാം നിറഞ്ഞ പുഞ്ചിരിയോടെ സൗഹൃദം പങ്കിടുന്ന അദ്ദേഹത്തെ ചെറൂട്ടി റോഡിലെ എം.എസ്.എസ് ഓഡിറ്റോറിയവും പള്ളിയും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ സജീവമായി കാണാമായിരുന്നു.
മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്ന അദ്ദേഹം ജീവകാരുണ്യ, സാമൂഹിക, പൊതുപ്രവർത്തന മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു. നിരവധി ആളുകളുടെ ജീവിതത്തിൽ സഹായത്തിന്റെയും കരുതലിന്റെയും കൈത്താങ്ങായി മാറിയ അദ്ദേഹത്തിന്റെ വിയോഗം സംഘടനയ്ക്കും സുഹൃദ്വലയത്തിനും പൊതുസമൂഹത്തിനും വലിയ നഷ്ടമാണ്.
കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും സംഘടനാ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഒരുപോലെ താങ്ങാനാവാത്ത വേദനയാണ് ഈ വേർപാട് സമ്മാനിച്ചിരിക്കുന്നത്.
പ്രമുഖ വ്യക്തികളുടെ വിയോഗവേളയിൽ നാം പലപ്പോഴും പറയാറുണ്ട്, ‘നികത്താനാവാത്ത വിടവ്’. എന്നാൽ എൻജിനീയർ പി. മുഹമ്മദ് കോയയുടെ വേർപാടിലൂടെ ആ വാക്കുകളുടെ യഥാർഥ അർഥം തിരിച്ചറിയുകയാണ് അദ്ദേഹത്തെ സ്നേഹിച്ചവരും അടുത്തറിഞ്ഞവരും.
സൗഹൃദത്തിന്റെ പുഞ്ചിരിയും സേവനത്തിന്റെ അടയാളങ്ങളും ബാക്കിവെച്ച് അദ്ദേഹം യാത്രയായി. ഇനി നമുക്ക് അദ്ദേഹത്തിനായി പ്രാർഥിക്കാം. ഭൗതികശരീരം നാട്ടിലെത്തുമ്പോൾ അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാനുള്ള കാത്തിരിപ്പിലാണ് നാടും നാട്ടുകാരും.
https://www.facebook.com/share/r/1F6M9DBayC/

