പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2021 ഓഗസ്റ്റിൽ നടത്തിയ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ സേ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലങ്ങൾ www.keralapareekshabhavan.inൽ ലഭ്യമാണ്.
അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ പ്രവേശനം
അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആന്റ് ഗാർമെന്റ് ടെക്‌നോളജി (എഫ്.ഡി.ജി.ടി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഉന്നത പഠനത്തിനുളള അർഹതയോടെ എസ്.എസ്.എൽ.സി. തത്തുല്യയോഗ്യത/ പ്രോഗ്രാം ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപകല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകും. പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. സ്വയംതൊഴിൽ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും വിവിധ ഗാർമെന്റ് കമ്പനികളിൽ ജോലി ലഭിക്കുന്നതിന് അനുയോജ്യമായതും പി.എസ.്‌സി അംഗീകാരവുമുളള കോഴ്‌സാണിത്. മാർക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്‌കിൽസ് ട്രെയിനിങ്, ആറ് ആഴ്ച നീണ്ടു നിൽക്കുന്ന പ്രായോഗിക പരിശീലനമായ ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വ മികവും വിദേശരാജ്യങ്ങളിൽ ജോലിലഭിക്കാനുളള സാധ്യത പരിഗണിച്ച് ഇംഗ്ലീഷ് ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും.
അപേക്ഷാഫോമും പ്രോസ്പക്ടസും www.sitttrkerala.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, സ്വയംസാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് 25 രൂപ എന്നിവ സഹിതം സെപ്റ്റംബർ 15 ന് വൈകിട്ട് നാലിനുള്ളിൽ അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലോ നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക:് 9074141036, 9895543647
എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പ്
സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക്, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
ഒരു വർഷത്തേക്ക് 6,000 രൂപയാണ് സ്‌കോളർഷിപ്പ്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള നോൺ ക്രീമിലയർ വിഭാഗത്തിനും അപേക്ഷിക്കാം. രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്‌കോളർഷിപ്പിനായി പരിഗണിക്കും. ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കൂ. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 30 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷിക്കാം.
ന്യൂനപക്ഷ വിഭാഗ വിദ്യാർത്ഥികൾക്ക് ഫീ റീഇംബേഴ്‌സ്‌മെന്റ്
സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി ഫീ റീഇംബേഴ്‌സ്‌മെന്റ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്. ഒരു വർഷത്തെ കോഴ്‌സിന് 10,000 രൂപയും രണ്ടു വർഷത്തെ കോഴ്‌സിന് 20,000 രൂപയുമാണ് സ്‌കോളർഷിപ്പ് തുക. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. 10 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. രണ്ടാം വർഷ വിദ്യാർത്ഥികൾക്കും പുതുതായി അപേക്ഷ സമർപ്പിക്കാം. www.minoritywelfare.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.
മദർതെരേസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിലെ നഴ്‌സിംഗ് ഡിപ്ലോമ/ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 15,000 രൂപയാണ് സ്‌കോളർഷിപ്പ്. സർക്കാർ അംഗീകൃത സെൽഫ് ഫിനാന്‌സിങ് നഴ്‌സിങ് കോളേജുകളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്‌മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റോ ഹാജരാക്കണം. പ്ലസ് ടു പരീക്ഷയിൽ 45 ശതമാനം മാർക്ക് നേടിയിരിക്കണം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ എട്ട് ലക്ഷം രൂപ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. കോഴ്‌സ് ആരംഭിച്ചവർക്കും/ രണ്ടാം വർഷം പഠിക്കുന്നവർക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കൂ. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ വീണ്ടും അപേക്ഷക്കേണ്ടതില്ല. 50 ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്‌കോളർഷിപ്പ് നൽകും. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക:് 0471-2300524.
സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
ചാർട്ടേർഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്/ കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകുന്നതിന് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാത്തിൽപ്പെട്ട എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ അവസാന വർഷ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ മാത്രമേ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ പരിഗണിക്കൂ. പ്ലസ് ടു/ ഡിഗ്രിയ്ക്ക് 60 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികളിൽ നിന്നും വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബി.പി.എൽ വിഭാഗക്കാർ നിർബന്ധമായും റേഷൻ കാർഡിന്റെ പകർപ്പ് സമർപ്പിക്കണം. 30 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. മുൻ വർഷങ്ങളിൽ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ് ഫൈനൽ എന്നിവയ്ക്ക് സ്‌കോളർഷിപ്പ് തുക ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. 15,000 രൂപയാണ് സ്‌കോളർഷിപ്പ് തുക. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.

