യു എസ് -ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി തുടങ്ങി. ഇന്നും നാളെയുമായിട്ടാണ് പൊതുദർശനം നടക്കുക. പൊതുദർശനത്തിലും സംസ്കാര ചടങ്ങുകളിലും വിദേശ പ്രതിനിധികളെത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നത് തുടരുകയാണ്. ടെഹ്റാനിൽ നടക്കുന്ന സംസ്കാര ചടങ്ങ് സമാനതകളില്ലാത്തതാകും. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈൻ,വിദേശകാര്യമന്ത്രി പബിത്ര മാർഗരിത എന്നിവർ പങ്കെടുക്കും. യു എസ് -ഇറാൻ ചർച്ചകളിൽ മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങിൽ പങ്കെടുക്കും.
യുദ്ധത്തിന് താത്ക്കാലികമായെങ്കിലും അറുതി വന്നതിന് ശേഷമാണ് പരമോന്നത നേതാവിന് ഇറാൻ വിട നൽകാനൊരുങ്ങുന്നത്. ഫെബ്രുവരി 28ന് യുദ്ധത്തിന്റെ തുടക്കത്തിൽ നടന്ന അമേരിക്ക-ഇസ്രായേൽ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഇറാനിലെയും ഇറാഖിലെയും അഞ്ച് നഗരങ്ങളിലായാണ് സംസ്കാര ചടങ്ങുകൾ. ജൂലൈ 9ന് നടക്കുന്ന ഖബറടക്കത്തിൽ വിദേശ പ്രതിനിധികളടക്കം ലക്ഷകണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടൽ.
സംസ്കാര ചടങ്ങുകളുടെ ഭാഗമായുള്ള പ്രാർഥനകളിൽ ആയിരകണക്കിന് പേരാണ്
കറുത്ത വസ്ത്രമണിഞ്ഞ് പങ്കെടുക്കുന്നത്. മൂന്ന് ദിവസത്തേക്ക് ഖമനയിയുടെ മൃതദേഹം ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനത്തിന് വെക്കും. കുടുംബാഗങ്ങളുടെയും പൊതുദർശനം നടക്കും. രാജ്യത്തെ ഏറ്റവും വലിയ സംസ്കാര ചടങ്ങാനാക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. ടെഹ്റാനിലെ ചടങ്ങുകൾക്ക് ശേഷം, ഖമനയിയുടെ ശരീരം ഇറാഖിലെ നജഫ്,ഖർബല എന്നീ പുണ്യനഗരങ്ങളിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഖമനയിയുടെ ജന്മനാടായ മഷ്ഹദിലെ ഇമാം റെസയുടെ ആരാധനാലയത്തിൽ ഖബറടക്കം നടക്കും. അതേസമയം, സുരക്ഷയുടെ ഭാഗമായി ഖമനയിയുടെ മകൻ മുജ്തബ ഖമനയി പങ്കെടുക്കില്ല സംസ്കാര ചടങ്ങിൽ പങ്കെടുക്കില്ല.

