Kerala kerala kerala politics

വഖഫ് ബില്ലിനെ മുനമ്പവുമായി കൂട്ടിയിണക്കി രണ്ട് മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റാന്‍ ശ്രമിക്കുന്നു; വി ഡി സതീശന്‍

ഒരു മതവിഭാഗത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്നതിനും അവരെ ദ്രോഹിക്കുന്നതിനും വേണ്ടി സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമായുള്ളതാണ് വഖഫ് ബില്‍ ഭേദഗതി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇവിടെ ചിലര്‍ മുനമ്പം വിഷയത്തെയും വഖഫ് ബില്ലിനെയും കൂട്ടിക്കെട്ടാന്‍ ശ്രമിച്ചു. മുന്‍കാല പ്രാബല്യമില്ലെന്ന് കേന്ദ്ര മന്ത്രി തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പാസാക്കുന്ന വഖഫ് ബില്‍ എങ്ങനെയാണ് മുനമ്പത്തെ ജനങ്ങളെ സഹായിക്കുന്നതെന്നു കൂടി ഈ പ്രചരണം നടത്തുന്നവര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മുനമ്പത്തെ വിഷയം സംസ്ഥാനത്ത് തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. സംസ്ഥാന സര്‍ക്കാരും അവര്‍ നിയമിച്ച വഖഫ് ബോര്‍ഡും തീരുമാനിച്ചാല്‍ പരിഹാരമുണ്ടാക്കാന്‍ കഴിയും. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാടാണ് തുടക്കം മുതല്‍ക്കെ യു.ഡി.എഫ് സ്വീകരിച്ചത്. പണം വാങ്ങിയാണ് ഫറൂഖ് കോളേജ് ഭൂമി നല്‍കിയത്. വഖഫ് ഒരിക്കലും കണ്ടീഷണലാകാന്‍ പാടില്ല.

ബില്‍ പാസായെന്നു കരുതി മുനമ്പത്തെ വിഷയം പരിഹരിക്കാനാകില്ല. വഖഫ് ബില്ലിനെ മുനമ്പവുമായി കൂട്ടിയിണക്കി രണ്ട് മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റാനാണ് കുറെ ആളുകള്‍ ശ്രമിക്കുന്നത്. അതിന് സംസ്ഥാന സര്‍ക്കാര്‍ കുടപിടിച്ചു കൊടുക്കാന്‍ പാടില്ല. അതാണ് സംസ്ഥാന സര്‍ക്കാരിനോടുള്ള എതിര്‍പ്പ്. രണ്ട് ന്യൂനപക്ഷ മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് സംഘര്‍ഷമുണ്ടാക്കുക എന്നതാണ് സംഘ്പരിവാറിന്റെ അജണ്ട. ഞങ്ങള്‍ അത് പരിഹരിക്കാന്‍ ശ്രമിച്ചവരാണ്. പാണക്കാട് തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മലപ്പുറത്ത് നിന്നും എറണാകുളത്തെ രൂപതാ ആസ്ഥാനത്ത് വന്ന് മുനമ്പത്തെ ജനങ്ങളെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതു തന്നെയാണ് യു.ഡി.എഫ് നിലപാട്. ദേശീയതലത്തിലും നേരത്തെ സ്വീകരിച്ച നിലപാട് അനുസരിച്ചുള്ള വിപ്പാണ് കോണ്‍ഗ്രസ് നേതൃത്വം എം.പിമാര്‍ക്ക് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് നിലപാട് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ക്ക് ഉള്‍പ്പെടെ വിപ്പ് നല്‍കിയത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ജെ.പി.സിയിലും വഖഫ് ബില്ലിന് എതിരായ നിലപാടാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ സ്വീകരിച്ചത്. അതേ നിലപാട് തന്നെയാണ് ബില്‍ പരിഗണിച്ചപ്പോഴും സ്വീകരിച്ചത്. ബില്‍ പരിഗണിക്കുമ്പോള്‍ മറ്റൊരു നിലപാട് എടുക്കാനാകില്ല.

വര്‍ഗീയമായ സംഘര്‍ഷം ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കേണ്ടത്. വഖഫ് ബില്ലും മുനമ്പം വിഷയവും തമ്മില്‍ ഒരു ബന്ധവുമില്ല. കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്ത് ഇരിക്കുന്ന പാര്‍ട്ടിയാണ്. നാളെ ചര്‍ച്ച് ബില്‍ വന്നാലും ഇതേ നിലപാട് സ്വീകരിക്കും. ദേശീയ തലത്തില്‍ ക്രൈസ്തവരാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നത്. ക്രൈസ്തവരെ ആക്രമിക്കുന്നത് സംഘ്പരിവാറുകാരാണ്. കഴിഞ്ഞ ദിവസമാണ് ജബല്‍പൂരില്‍ തീര്‍ത്ഥാടനം നടത്തിയിരുന്ന ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടത്തിയത്. തൃശൂര്‍ സ്വദേശിയായ ഫാദര്‍ ഡേവിസിനെ പൊലീസിന് മുന്നില്‍ വച്ചാണ് ക്രൂരമായി ആക്രമിച്ചത്. വിശ്വാസികളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് മര്‍ദ്ദിച്ചത്.

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. വഖഫ് ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഇടപെട്ട് മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ ഭൂമിയില്‍ സ്ഥിരമായ അവകാശം നല്‍കണം. അതു ചെയ്യാതെയാണ് കമ്മിഷനെ നിയോഗിച്ചത്. കോടതിക്ക് പുറത്തുവച്ചു തന്നെ മുമ്പത്തെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാകും. എന്തിനാണ് മുനമ്പം വിഷയത്തെയും വഖഫ് ബില്ലിനെയും കൂട്ടിക്കുഴയ്ക്കുന്നത്. മുനമ്പം വിഷയം ഇവിടെ പരിഹരിക്കാനാകും. സമരക്കാരുമായി നേരിട്ട് തന്നെ ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ജോസ് കെ മാണിയുടെ നിലപാട് അവരുടെ പാര്‍ട്ടിയുടെ നിലപാടാണ്. മുനമ്പം നിവസികള്‍ക്ക് അവരുടെ ഭൂമിയില്‍ സ്ഥിരമായ അവകാശം നല്‍കണമെന്നതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാട്. വഖഫ് ഭൂമി അല്ലെന്ന നിലപാട് വഖഫ് ബോര്‍ഡ് സ്വീകരിക്കണം. മുമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന നിലപാട് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാനാണ് ആദ്യമായി സ്വീകരിച്ചത്. ഇതിന് മുന്‍പുള്ള ഹൈക്കോടതി വിധി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ആ നിലപാട് സ്വീകരിച്ചത്. വി.എസ് അച്യുതാനന്ദന്റെ കാലത്ത് നിയോഗിച്ച നിസാര്‍ കമ്മിഷനാണ് ഈ ഭൂമി ആദ്യമായി വഖഫ് ആണെന്നു പറഞ്ഞത്. അതിനു പിന്നാലെ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. എന്നിട്ടാണ് കരം അടയ്ക്കരുതെന്നു കാട്ടി 2019-ല്‍ നോട്ടീസ് നല്‍കിയത്. അത് തെറ്റാണ്. മുനമ്പത്തെ ജനങ്ങളുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ട് വഖഫ് എന്ന് പറയുന്നത് ശരിയല്ല. വഖഫ് എന്നാല്‍ ദൈവത്തിന് സമര്‍പ്പിക്കുന്നതാണ്. വഖഫ് പെര്‍മനന്റ് ഡെഡിക്കേഷനാണ്. ആളുകള്‍ താമസിക്കുന്ന ഭൂമിയും വഖഫ് ആക്കാന്‍ പറ്റില്ല. ഫറൂഖ് കോളജും ഈ ഭൂമി വഖഫ് അല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ദാനം കിട്ടിയ ഭൂമി ആയതു കൊണ്ടാണ് അവര്‍ പണം വാങ്ങി വിറ്റത്. ഇതൊക്കെ സര്‍ക്കാരിനും അറിയാം. എന്നിട്ടാണ് കേരള സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡ് മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന നിലപാട് സ്വീകരിച്ചത്. സംഘ്പരിവാര്‍ പോലുള്ള ദുഷിച്ച ചിന്ത കേരളത്തിലെ സി.പി.എം നേതാക്കള്‍ക്ക് ഇടയിലുമുണ്ട്. വൈകിപ്പിച്ച് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി എന്തെങ്കിലും ലാഭം കിട്ടുമോയന്നാണ് സി.പി.എം നോക്കുന്നത്. ഒരാള്‍ക്കും ഒരു ലാഭവും കിട്ടാന്‍ പോകുന്നില്ല. കേരളം മതേതരമാണെന്ന് ജനങ്ങള്‍ തെളിയിക്കും.

ബി.ജെ.പി പാസാക്കിയ ബില്ലില്‍ മുനമ്പത്തെ പ്രശ്നം പരിഹരിക്കാനുള്ള വകുപ്പൊന്നുമില്ല. മുന്‍കാല പ്രബല്യം ഇല്ലെന്ന് കേന്ദ്ര മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മുനമ്പം സന്ദര്‍ശിക്കുന്നത് അവരുടെ ഇഷ്ടമാണ്. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയാണ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ലത്തീന്‍ സമുദായവുമായി ബന്ധപ്പെട്ടവരാണ് മുനമ്പത്ത് സമരം ചെയ്യുന്നത്. ഇപ്പോള്‍ ഇതൊക്കെ പറയുന്നവര്‍ 140 ദിവസം അവര്‍ വിഴിഞ്ഞത്ത് സമരം ചെയ്തപ്പോള്‍ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. അവിടെ ഒന്നാമത്തെ ദിനം മുതല്‍ നൂറ്റിനാല്‍പതാമത്തെ ദിനം വരെ ഞങ്ങള്‍ വിഴിഞ്ഞത്തെ സമരത്തിനൊപ്പമുണ്ടായിരുന്നു. അന്ന് ഞങ്ങള്‍ അദാനിക്കൊപ്പമല്ലായിരുന്നു. മുനമ്പത്തെ വിഷയം പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോയി സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കുടപിടിച്ചു കൊടുക്കുകയാണ്. തിരഞ്ഞെടുപ്പായതു കൊണ്ട് ഇതില്‍ നിന്നും വല്ലതും കിട്ടുമോയെന്നാണ് നോക്കുന്നത്. ഒന്നും കിട്ടില്ല.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഒരു ക്രിമിനലിന്റെ വെളിപ്പെടുത്താലാണ് പുറത്തു വന്നിരിക്കുന്നത്. അതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടെങ്കില്‍ അന്വേഷണ സംഘം നിയമപരമായ രീതിയില്‍ തെളിവെടുപ്പ് നടത്തി. പുതിയ തെളിവുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വിചാരണ വേളയില്‍ കോടതിയില്‍ അവതരിപ്പിക്കണം. അതാണ് നടപടിക്രമമെന്നും അദ്ദേഹം പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!