ചേരി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് മുനിസിപ്പല്‍ കോര്പ്പറേഷന് നിര്‍മ്മിച്ച ബഹുനില ഫ്ളാറ്റ് നവംബര്‍ രണ്ടിന് വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് അധ്യക്ഷത വഹിക്കും. കല്ലുത്താന്‍ കടവിലെ 89 നിവാസികളും മുതലക്കുളം റോഡ് നവീകരണത്തിന്റെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ച 14 കുടുംബങ്ങളുമാണ് ഫ്ളാറ്റിന്റെ സുരക്ഷിതത്വത്തിലേക്ക് മാറുന്നത്. കോളനി പൊളിച്ചുമാറ്റുന്ന സ്ഥലത്ത് ആധുനിക രീതിയിലുള്ള മാര്‍ക്കറ്റ് സമുച്ചയം നിര്‍മ്മിച്ച് പാളയം മാര്‍ക്കറ്റ് ഇവിടേക്ക് മാറ്റാനാണ് കോര്പറേഷന് ഉദ്ദേശിക്കുന്നത്. മാര്‍ക്കറ്റ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വ്വഹിക്കും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ചടങ്ങില്‍ വിശിഷ്ടാതിഥിയാവും. എം.പിമാരായ എം.കെ രാഘവന്, എളമരം കരീം, വീരേന്ദ്രകുമാര്‍, ബിനോയ് വിശ്വം, എം.എല്‍.എമാരായ എം.കെ മുനീര്‍, എ പ്രദീപ് കുമാര്‍, വി.കെ.സി മമ്മദ് കോയ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, കോര്പറേഷന് സെക്രട്ടറി ബിനു ഫ്രാന്‍സിസ്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

