
മന്ത്രിമാരായ തോമസ് ഐസക്കിനും ജി.സുധാകരനും ഇളവ് നൽകി വീണ്ടും മത്സരിപ്പിക്കണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായം. തുടർച്ചയായി മത്സരിച്ചവരെ മാറ്റിനിർത്താൻ സിപിഎം തീരുമാനിച്ചിരുന്നു. എന്നാൽ, തോമസ് ഐസക്കിനെയും സുധാകരനെയും ഇത്തവണ കൂടി മത്സരിപ്പിക്കണമെന്നും ഇരുവരുടെയും ഭരണമികവ് പരിഗണിച്ച് വീണ്ടും അവസരം നൽകണമെന്നുമാണ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നത്.
മാനദണ്ഡങ്ങളില്‍ ഇളവ് നല്കി വിജയസാധ്യത പരിഗണിക്കണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നത്. സംസ്ഥാന നേതൃത്വം ഈ അഭിപ്രായം അംഗീകരിക്കാനാണ് സാധ്യത. ധനമന്ത്രി എന്ന നിലയിൽ തോമസ് ഐസക്കും പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ സുധാകരനും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളതെന്ന് സംസ്ഥാന നേതൃത്വവും അംഗീകരിക്കുന്നു.
ആലപ്പുഴയിലും അമ്പലപ്പുഴയിലും ഇവര്‍ക്ക് രണ്ട് പേര്‍ക്കും തന്നെയാണ് വിജയസാധ്യതയുള്ളത്. അമ്പലപ്പുഴ യുഡിഎഫ് മണ്ഡലമായിരുന്നു. ജി സുധാകരന് വന്നതോടെയാണ് മണ്ഡലം അനുകൂലമായത്. ആലപ്പുഴയിലും ഐസക്കിനാണ് ഏറ്റവും വിജയസാധ്യത. സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല.സിപിഎം മത്സരിക്കുന്ന മറ്റ് അഞ്ച് സീറ്റുകളിലെ കാര്യവും ചര്‍ച്ചയില്‍ വന്നിട്ടുണ്ട്. സെക്രട്ടേറിയറ്റ് നല്കുന്ന പട്ടിക പരിശോധിച്ചായിരിക്കും സംസ്ഥാന സമിതി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 31,032 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആലപ്പുഴയിൽ നിന്ന് തോമസ് ഐസക് ജയിച്ചത്. അമ്പലപ്പുഴയിൽ 22,621 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മികച്ച വിജയമാണ് ജി.സുധാകരനും സ്വന്തമാക്കിയത്.

