സർക്കാർ ജീവനക്കാരുടെ പേരിലുള്ള ഗൗരവകരമായ കേസുകളുടെ കണക്ക് നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി. രണ്ടു വർഷത്തിനിടെ സർക്കാർ ജീവനക്കാർക്കെതിരെ 150 ഗൗരവതരമായ കേസുകൾ വന്നിട്ടുണ്ടെന്നും ഇതിൽ മുക്കാൽ ഭാഗത്തോളം പേർ ബലാത്സംഗം, പീഡനം, പോക്സോ എന്നീ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂൾ അധ്യാപകർക്കെതിരേയും ജീവനക്കാർക്കെതിരേയുമാണ് പോക്സോ കേസുകളിലധികവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും പിനായി വിജയൻ അറിയിച്ചു. .
ലിന്റോ ജോസഫ് എംഎൽഎക്കുള്ള ചോദ്യത്തിന് മറുപടിയായാണ് കണക്കുകൾ പിണറായി വിജയൻ അവതരിപ്പിച്ചത്.
2022ൽ ആറ് അധ്യാപകരാണ് പോക്സോ കേസുകളിൽ പ്രതികളായത് . സ്കൂളുകളിലെ മറ്റു ജീവനക്കാരും പോക്സോ കേസുകളിൽ പ്രതികളാണ്. മലപ്പുറത്ത് അധ്യാപകനെതിരെ 9 പോക്സോ കേസുകളുള്ളതായി പൊലീസ് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഒരു കുട്ടിയാണ് ആദ്യം പരാതി നൽകുന്നത്. അതിന് പിറകെയാണ് മറ്റുള്ളവരും പരാതിയുമായി രംഗത്തെത്തുന്നത്. നിലവിൽ 9 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസിന്റെ അന്വേഷണം വളരെ വേഗത്തിൽ നീങ്ങുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. .
കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതോടെ ഇത്തരത്തിലുള്ള കേസുകൾ പുറത്തറിയുന്നുണ്ടെന്നും എന്നാൽ വെല്ലുവിളികൾ നിലനിൽക്കുകയാണെന്നും സ്കൂൾ അധികൃതർ പറയുന്നു. വനിതാ-ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നിരവധി ബോധവത്കരണ പരിപാടികളാണ് സർക്കാർ സംഘടിപ്പിക്കുന്നത്.

