ചവറ: യുവാവിനെ ആക്രമിച്ച് സുഹൃത്തുക്കളുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബൈക്കുകള്‍ തകര്‍ത്ത കേസില്‍ പ്രതികള്‍ പിടിയില്‍. പത്മന ഹരിഭവനത്തില്‍ ഹരികൃഷ്ണന്‍(21), അമല്‍ കൃഷ്ണന്‍(19), മുല്ലക്കേരി സ്വദേശി കിരണ്‍(23), പത്മന സ്വദേശികളായ ആകാശ്(20), അഭിലാഷ്(19) എന്നിവരാണ് പിടിയിലായത്.ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വെറ്റമുക്ക് ക്ഷേത്രത്തിലെ ഗാനമേള കഴിഞ്ഞ് മടങ്ങുന്ന വഴി സംഘം കൊല്ലക സ്വദേശി അനിഷേകിനെയും സുഹൃത്തുക്കളായ ഹസന്‍, ഹുസൈന്‍, കിരണ്‍ എന്നിവരെയും മര്‍ദ്ദിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട നാലുപേരും ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അനിഷേകിന് സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെടാനായില്ല. തുടര്‍ന്ന് ആയുധങ്ങള്‍ ഉപയോഗിച്ച് സംഘം അനിഷേകിനെ മര്‍ദ്ദിച്ചു.
പിന്നീട് ഇവര്‍ അനിഷേകിന്റെ സുഹൃത്തുക്കളെ അന്വേഷിച്ചിറങ്ങുകയും പുലര്‍ച്ചയോടെ അവരുടെ വീടുകള്‍ കണ്ടെത്തുകയുമായിരുന്നു. വീടിന്റെ വാതിലും ജനലുകളും അടിച്ച് തകര്‍ത്ത സംഘം അസഭ്യം പറയുകയും വീടിന് പുറത്ത് വെച്ചിരുന്ന ബൈക്കുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. കരുനാഗപ്പളളി എസിപി വി എസ് പ്രദീപ് കുമാറിന്റെയും ചവറ ഇന്‍സ്‌പെക്ടര്‍ യു പി വിപിന്‍ കുമാറിന്റെയും നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.