നടന് ഷെയ്ന് നിഗത്തിന്റെ വധഭീഷണി ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഒരിക്കലും വധ ഭീഷണി മുഴക്കിയിട്ടില്ലെന്നും തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായതെന്നും ജോബി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഷെയിന്‍ ആദ്യം ചിത്രത്തിന് പ്രതിഫലമായി 30 ലക്ഷം രൂപ ചോദിച്ചെന്നും പിന്നെ അത് 40 ലക്ഷമാക്കിയെന്നും ലോണ്‍ എടുത്താണ് താന്‍ സിനിമയ്ക്ക് കാശിറക്കിയതെന്നും ജോബി പറയുന്നു.
‘മൂന്ന് വര്‍ഷമായി സാമ്പത്തികമായി പ്രതിസന്ധിയിലാണ്. വെയില് സിനിമയ്ക്കു വേണ്ടി ഇപ്പോള്‍ തന്നെ 4 കോടി 82 ലക്ഷം മുടക്കി കഴിഞ്ഞു. ലോണ്‍ എടുത്താണ് സിനിമയ്ക്കു വേണ്ടി പൈസ ഇറക്കിയത്. ഈ രീതിയില്‍ ഇനി ചിത്രം മുന്നോട്ടുപോയാല്‍ സാമ്പത്തികമായി ബാധിക്കും. അതുകൊണ്ടാണ് ഈ ചിത്രത്തിലെ നായകനോട് കൂടുതല്‍ സമയം ഈ പടവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടത്.’

