കൊച്ചി: ഏകപക്ഷീയമായി വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ആവർത്തിച്ച് കേരളാ ഹൈക്കോടതി. ഇത് ഇസ്ലാമിക നിയമം അംഗീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. മുസ്ലീം സ്ത്രീക്ക് ഇസ്ലാമിക വിവാഹ മോചന മാർഗമായ ഖുലയെ ആശ്രയിക്കാനുള്ള അവകാശം കോടതി അംഗീകരിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് സി എസ് ഡയസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
“ഭർത്താവ് സമ്മതം നൽകാൻ വിസമ്മതിക്കുമ്പോൾ ഭാര്യയ്ക്ക് വിവാഹമോചനം തേടാം. ഇത് ഇസ്ലാം അനുവദിക്കുന്നുണ്ടെന്നും കോടതി ചൂണ്ടികാട്ടി. മുസ്ലീം സമുദായത്തിലെ വ്യക്തിനിയമവുമായി ബന്ധപ്പെട്ട കേസിൽ നിയമപരിജ്ഞാനമില്ലാത്ത മുസ്ലീം പുരോഹിതരെ ആശ്രയിച്ച് വിധി പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ‘ഖുല’ ചൊല്ലി ഏകപക്ഷീയമായി വിവാഹമോചനം നേടാൻ മുസ്ലീം സ്ത്രീക്ക് അവകാശമുണ്ടെന്ന മുൻ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ശ്രദ്ധേയമായ പല പരാമർശങ്ങളും കേരളാ ഹൈക്കോടതി ഇതോടനുബന്ധിച്ച് നടത്തി.
സ്വന്തം ഇഷ്ടപ്രകാരം വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം വനിതകൾക്ക് അവകാശമുണ്ടെങ്കിലും ഭർത്താവിന് ‘തലാഖ്’ ചൊല്ലാനുള്ള അവകാശം പോലെ ‘ഖുല’ ചൊല്ലാൻ സ്ത്രീയ്ക്ക് അവകാശമില്ലെന്നു പറഞ്ഞാണ് ഭർത്താവ് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്. ഖുറാനിലെ രണ്ടാം അദ്ധ്യായത്തിലെ 229-ാം വാക്യത്തിൽ സ്ത്രീകൾക്ക് ഖുല ചൊല്ലാനുള്ള അവകാശം നൽകുന്നുണ്ടെങ്കിലും അതിനുള്ള കൃത്യമായ നടപടിക്രമം നിർദേശിക്കുന്നില്ലെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു.

