തിരുവനന്തപുരം: അധിക്ഷേപ പരാമർശവുമായി വീണ്ടും പി സി ജോർജ്. മന്ത്രി മുഹമ്മദ് റിയാസും മുൻ മന്ത്രി കെ ടി ജലീലൂം പോപ്പുലർ ഫ്രണ്ടുകാരാണ്. റിയാസിനെതിരെ എൻഐഎ അന്വേഷണമുണ്ടെന്നും പിണറായി വിജയൻ അകത്തുപോകുമെന്നും പി സി ജോർജ് ‘ഷെകെയ്ന’ യൂട്യൂബ് ചാനലിൽ ആരോപിച്ചു.’കെ ടി ജലീൽ പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ആളാണ്. അയാൾ മന്ത്രിയായിരുന്നു കേരളത്തിൽ. മന്ത്രി മുഹമ്മദ് റിയാസിനെതിരെയും എൻഐഎയുടെ അന്വേഷണമുണ്ടെന്നാണ് മനസിലാക്കിയിട്ടുള്ളത്. പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും എല്ലാവിധ വളവും വെച്ചുകൊടുക്കുന്ന ആൾ പിണറായി വിജയൻ തന്നെയാണ്. റിയാസിന് മകളെ കെട്ടിച്ചു കൊടുത്തില്ലേ. പിണറായി വിജയൻ തന്നെ അകത്തുപോകുന്ന സാഹചര്യമുണ്ടാകും’, പി സി ജോർജ് പറഞ്ഞു.
‘ആദ്യം കേരളത്തിലെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണം. പകരം യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ മുഖ്യമന്ത്രിയാക്കണം. പിണറായി അമേരിക്കയിൽ ചികിത്സിക്കാൻ പോയതാണ് എന്നാണ് പറയുന്നത്. എന്നാൽ അമേരിക്കയിൽ നിന്നില്ല. ആശുപത്രിയിൽ പോയിട്ട് പത്തുമിനുട്ട് നിന്നു. അതുകഴിഞ്ഞ് എട്ടുദിവസം യുഎഇ ഉൾപ്പെടെയുള്ള അറേബ്യൻ രാജ്യങ്ങളിൽ ആയിരുന്നു. സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ നടത്തി. ഇതൊക്കെ പോപ്പുലർ ഫ്രണ്ടുമായും മുസ്ലീം സംഘടനകളുമായുള്ള അവിഹിതങ്ങളാണെന്നും’, പി സി ജോർജ് ആരോപിച്ചു.
കോഴിക്കോട് പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിൽ പ്രസംഗിച്ച അഫ്സൽ ഖാസിമിയെ അന്നു തന്നെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. എന്നാൽ പിണറായി വിജയനെ ആദ്യം അറസ്റ്റ് ചെയ്യേണ്ടി വരുമെന്നതിനാലാണ് അതുണ്ടാകാത്തതെന്നും ജോർജ് ആരോപിച്ചു. കേരളത്തിൽ എസ്ഡിപിഐയെ വളർത്തുന്നതിന്റെ മുഖ്യ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് പിണറായി വിജയനാണ്. മുഹമ്മദ് റിയാസും കെ ടി ജലീലുമാണ് ഇതിന്റെ നേതാക്കളെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.