റെയിൽവേ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്താൻ കേരളത്തിലെ എംപിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും യാത്രാസംഘടനകളുടെയും അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യം
കോഴിക്കോട്: കേരളത്തിന് പ്രത്യേക റെയിൽവേ സോൺ അനുവദിക്കണമെന്ന ആവശ്യവുമായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ (സി.ഐ.ആർ.യു.എ) കേരള ഘടകം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. റെയിൽവേ മന്ത്രാലയത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നതിനായി കേരളത്തിലെ മുഴുവൻ എംപിമാരെയും രാഷ്ട്രീയ നേതാക്കളെയും പ്രമുഖ യാത്രാ സംഘടനകളെയും പങ്കെടുപ്പിച്ച് അടിയന്തര യോഗം വിളിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
കോഴിക്കോട് സർക്കാർ അതിഥി മന്ദിരത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് നിവേദനം സമർപ്പിച്ചത്. മുൻ സോണൽ, ഡിവിഷണൽ, സ്റ്റേഷൻതല ആർ.യു.സി.സി അംഗം ഷെവലിയാർ സി.ഇ. ചാക്കുണ്ണി, സി.എസ്.ഐ ബിഷപ്പ് റൈറ്റ് റവ. ഡോ. റോയ്സ് മനോജ് വിക്ടർ, റവ. ഫാദർ …, സി.സി. മനോജ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്ന സാഹചര്യത്തിൽ കേരളത്തിന് റെയിൽവേ സോൺ അനുവദിക്കുന്നതിനുള്ള നടപടികൾക്ക് ഇത് അനുകൂലമായ സാഹചര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സോണൽ ഓഫീസ് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതും പ്രധാന പരിഗണനയാണെന്നും സംഘടന വ്യക്തമാക്കി.
എറണാകുളം ഹൈക്കോടതിക്ക് സമീപമുള്ള പഴയ ഗുഡ്സ് യാർഡിന്റെ ഏകദേശം അഞ്ച് ഏക്കർ സ്ഥലം നിലവിൽ ഉപയോഗശൂന്യമായി കാടുപിടിച്ച നിലയിലാണെന്നും, പ്രസ്തുത സ്ഥലം കേരള റെയിൽവേ സോണിന്റെ സോണൽ ഓഫീസ് ഉൾപ്പെടെയുള്ള അനുബന്ധ സംവിധാനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ കഴിയുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കേരളത്തിന് റെയിൽവേ സോൺ അനുവദിക്കുന്നത് സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിന് വലിയ മുന്നേറ്റമാകുമെന്നും യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളും ഭരണപരമായ കാര്യക്ഷമതയും ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും സി.ഐ.ആർ.യു.എ കേരള ഘടകം അഭിപ്രായപ്പെട്ടു.
കോഴിക്കോട് എം.പി. എം.കെ. രാഘവൻ, എം.എൽ.എമാരായ അഡ്വ. കെ. പ്രവീൺകുമാർ, കെ. ജയന്ത്, റവ. ഫാദർമാരായ ജേക്കബ് ഡാനിയൽ, സി.കെ. ഷൈൻ, രാജു ചീരൻ, കെനെറ്റ് ലാസർ ഏണസ്റ്റ് ഇടപ്പള്ളി, ജോയ് പ്രസാദ്, സുഭാഷ് ആബേൽ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

