എൽഡിഎഫ് സർക്കാരിന്റെ തലതിരിഞ്ഞ സഹകരണ നയങ്ങളുടെ ഇരയാണ് വീട്ടിൽ ജ്പതി നോട്ടീസ് പതിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ടിവന്ന കൊല്ലം ശൂരനാട് സ്വദേശിയായ അഭിരാമിയെന്ന് കെ.സുധാകരൻ എംപി. സഹകരണ മേഖലയെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി കേരള ബാങ്ക് രൂപീകരിച്ച് എൽഡിഎഫ് സർക്കാർ റിസർവ് ബാങ്കിന് പണയം വെച്ചതിൻറെ മറ്റൊരു രക്തസാക്ഷി കൂടിയാണ് അഭിരാമി. കേരള ബാങ്ക് രൂപീകരിച്ചത് ജനങ്ങളെ ദ്രോഹിക്കുന്നതിന് വേണ്ടിയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കോവിഡിനെ തുടർന്ന് വരുമാനം നഷ്ടപ്പെട്ട് ദുരിതവും കടബാധ്യതയും അനുഭവിക്കുന്ന സാധാരണ ജനങ്ങളെ സംരക്ഷിക്കാൻ വ്യക്തമായ നയരേഖ രൂപീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിൻറെ ഉദാഹരണം കൂടിയാണ് ഈ സംഭവം.
വായ്പാ ബാധ്യതകൾ തീർക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ടെന്നും കേരള ബാങ്ക് ഉൾപ്പടെയുള്ള സഹകരണ മേഖലയിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും അത് ബാധകമാണെന്നും സഹകരണവകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന് കടകവിരുദ്ധമായ നടപടിയാണ് കേരള ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അതുകൊണ്ട് തന്നെ അഭിരാമി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുമുണ്ട്. കുടിശികയിൽ വിവിധ തരത്തിലുള്ള ഇളവുകൾ നൽകി വായ്പാക്കാരൻറെ ബാധ്യത ഭാരം കുറയ്ക്കാനാണ് ഇത്തരം പദ്ധതികൾ പ്രഖ്യാപിക്കുന്നത്. എന്നാൽ പദ്ധതി പ്രഖ്യാപിച്ചവർ തന്നെ ആരാച്ചാരായ കാഴ്ചയാണ് ഇൗ സംഭവത്തിൽ കണ്ടത്. ഇൗ ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. അഭിരാമിയുടെ കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും സുധാകരൻ പറഞ്ഞു.
സർഫാസി നിയമത്തിൻറെ പേരിൽ കേരള ബാങ്കാണ് ജനങ്ങളെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിൻറെ സർഫാസി നിയമം സഹകരണ സ്ഥാപനങ്ങൾക്ക് ബാധകമാക്കുന്ന തീരുമാനം എടുത്തത് എൽഡിഎഫ് സർക്കാരാണ്. കടമെടുക്കുന്നവരെ മരണത്തിലേക്ക് തള്ളിവിടുന്ന സർഫാസി നിയമങ്ങൾ നടപ്പിലാക്കണമോ എന്നതിനെ കുറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുനഃവിചിന്തനം നടത്തണം. റിസർവ് ബാങ്കിൻറെ അംഗീകാരം കേരള ബാങ്കിന് നേടിയെടുക്കാൻ വേണ്ടിയാണ് ജനങ്ങളെ പീഡിപ്പിക്കുന്ന കരിനിയമങ്ങൾ ഓരോന്നായി സഹകരണവകുപ്പ് നടപ്പാക്കുന്നത്.സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെപ്പോലും നാണിപ്പിക്കും വിധമുള്ള നടപടികളാണ് കേരള ബാങ്കിൻറെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും സുധാകരൻ പറഞ്ഞു.
സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളുടെയും ഭാഗത്ത് നിന്നും മനുഷ്യത്വപരമായ നടപടികൾ ഉണ്ടാകാത്തത് അതീവ ദുഖഃകരമാണ്.സിപിഎം ഭരണ സമിതി കോടികൾ തട്ടിയെടുത്ത കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സാ ആവശ്യത്തിന് പോലും ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകർ മരിച്ച സംഭവം കേരളം മറന്നിട്ടില്ല. സഹകരണമേഖലയിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ച് പരിഹാരം കണ്ടെത്തണം. ഓരോ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമ്പോഴും ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ തൊലിപ്പുറത്ത് നടത്തുന്ന ചികിത്സ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും സുധാകരൻ പറഞ്ഞു.

