രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം ഇന്ന് അറസ്റ്റ് ചെയ്തത്. ഗാന്ധി ചിത്രം തകര്‍ത്തതില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകൾ പ്രകാരമാണ് ഇവർ നാല് പേർക്കുമെതിരെ കേസെടുത്തത്. നാല് പേരെയും ഇന്ന് തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് വിവരം.
ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി ഒരു ഇടപെടലും നടത്തുന്നില്ലെന്നാരോപിച്ചായിരുന്നു എംപി ഓഫീസിലേക്ക് എസ്എഫ്ഐക്കാര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ ഓഫീസിന്റെ ജനല്‍ചില്ലുകളും മറ്റും പ്രതിഷേധക്കാര്‍ നശിപ്പിച്ചിരുന്നു. അതിനിടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രവും തകര്‍ത്തു. സംഭവുമായി ബന്ധപ്പെട്ട് 29 എസ്എഫ്ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു.