അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറ്റം തുടരുന്നു. 22-ാം സാക്ഷി മുരുകനാണ് ഇന്ന് കൂറുമാറിയത്. അതേസമയം 23-ാം സാക്ഷി ഗോകുല്‍ കൂറുമാറാതെ മൊഴിയില്‍ ഉറച്ച് നിന്നു. സാക്ഷികളില്‍ കൂറുമാറാതെ നിലക്കൊള്ളുന്ന രണ്ടാമത്തെയാളാണ് ഗോകുല്‍. 13-ാം സാക്ഷി സുരേഷ് ,23-ാം സാക്ഷി ഗോകുല്‍ എന്നിവരാണ് പ്രോസിക്യൂഷനു നല്കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 12 ആയി. കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്.
22-ാം സാക്ഷി മുരുകന് ഇന്നലെ കോടതിയില്‍ ഹാജരാകാത്തത് കാരണം വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് കോടതില്‍ ഹാജരായതിനു ശേഷമായിരുന്നു കൂറുമാറ്റം. പൊലിസ് തന്നെ കൊണ്ട് നിര്‍ബന്ധിച്ചു മൊഴി പറയിപ്പിച്ചതാണെന്നാണ് മുരുകന് കോടതിയില്‍ പറഞ്ഞത്. മധുവിനെ ആക്രമിക്കുന്നത് താന്‍ കണ്ടിട്ടില്ലായെന്നും മുരുകന് കോടതിയില്‍ പറഞ്ഞു. സാക്ഷികള്‍ കൂറുമാറിയതോടെ പ്രതീക്ഷ നഷ്ടപ്പെട്ടെ അവസ്ഥയിലാണ് മധുവിന്റെ കുടുംബം.
സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നതിനാല്‍ പ്രോസിക്യൂഷന് ആശങ്കയിലാണ്. രഹസ്യമൊഴി നല്കിയ ഏഴുപേര്‍ കോടതിയില്‍ മൊഴി മാറ്റിയിരുന്നു. അതിന് ശേഷം വിസ്തരിച്ച രണ്ടുപേരും പൊലീസിന് നല്കിയ മൊഴി കോടതിയില്‍ തിരുത്തി. പതിനാറ് പ്രതികള്‍ക്കും ജാമ്യം കിട്ടിയതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.

